ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് രാജ്യത്തെ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ടെഹ്റാൻ, മാസന്ദരാൻ പ്രവിശ്യകളുടെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടുവെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തിന് പിന്നാലെ ടെഹ്റാൻ, മാസന്ദരാൻ, ക്വോം, അൽബോർസ് പ്രവിശ്യകളിൽ റെഡ് ക്രസന്റ് ടീമുകളെ അതീവ ജാഗ്രതയ്ക്കായി നിയോഗിച്ചു. ഭൂചലനം നടന്ന് ഒരു മണിക്കൂറിന് ശേഷവും കാര്യമായ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐആർഐബി (IRIB) അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള ടെഹ്റാൻ പ്രവിശ്യയിലെ ബൂമെഹൻ നഗരത്തിൽ ചൊവ്വാഴ്ച രാത്രി താമസക്കാർ പരിഭ്രാന്തരായി തെരുവിലിറങ്ങി. ഐആർഐബി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നഗരത്തിലെമ്പാടും ജനങ്ങൾ വീടുവിട്ടിറങ്ങി സുരക്ഷിതമായ സ്ഥലങ്ങളിൽ ഒത്തുകൂടി.
നേരത്തെ, മാർച്ച് 3-ന് തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് സൗദി അറേബ്യ ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ, ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.
മാർച്ച് അവസാനത്തോടെ സൗദി വ്യോമസേനയാണ് ഈ ആക്രമണങ്ങൾ നടത്തിയത്. ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്. ആക്രമണത്തിൽ തകർക്കപ്പെട്ട കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
