a
HomeIndian Newsഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കനത്ത തിരിച്ചടി. 2026 ലെ ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ താരത്തെ തടഞ്ഞു. ഫെഡറേഷൻ സെലക്ഷൻ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റമാണ് വിനേഷിന് തിരിച്ചടിയായത്.
പുതിയ നിയമപ്രകാരം, 2025 ലും 2026ലും നടന്ന മത്സരങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് മാത്രമേ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. 2024 പാരീസ് ഒളിമ്പിക്സിലെ അയോഗ്യതക്ക് ശേഷം വിനേഷ് പ്രൊഫഷണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലാത്തതിനാൽ ഈ മാനദണ്ഡം താരത്തിന് വിലങ്ങുതടിയായി. എന്നാൽ തന്റെ തിരിച്ചുവരവ് തടയാൻ ഫെഡറേഷൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് വിനേഷ് ആരോപിച്ചു.
നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്റിനായി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ പോർട്ടൽ അടഞ്ഞുകിടക്കുകയായിരുന്നു. പരാതി ഉയർന്നതിനെത്തുടർന്ന് അവസാന നിമിഷമാണ് ഫെഡറേഷൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഫെഡറേഷൻ കപ്പിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവസാന നിമിഷം മാനദണ്ഡങ്ങൾ മാറ്റിയതിനാൽ അതിനും സാധിച്ചില്ലെന്ന് വിനേഷ് പറഞ്ഞു.
ഇതിനിടെ ദിവസങ്ങൾക്ക് മുമ്പ് മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന് വിനേഷ് ഫോഗട്ട് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കോടതിയിൽ നിലവിലുള്ള ക്രിമിനൽ കേസിൽ പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് ആദ്യമായാണ് വിനേഷ് വെളിപ്പെടുത്തുന്നത്. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. 2026-ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി തന്റെ തിരിച്ചുവരവ് തടയാൻ ഗുസ്തി ഫെഡറേഷൻ ബോധപൂർവം ശ്രമിക്കുന്നുവെന്നും വിനേഷ് ആരോപിച്ചിരുന്നു.