കാനഡയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് എതിരെ ആശങ്ക ഉയരുന്നു; ജലസ്രോതസുകൾക്കും പരിസ്ഥിതിക്കും ഭീഷണിയെന്ന് സർവേ
കാനഡയിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്ററുകൾ രാജ്യത്തിന്റെ ജലസ്രോതസുകൾക്കും പരിസ്ഥിതിക്കും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഭൂരിഭാഗം കനേഡിയൻ പൗരന്മാർക്കുണ്ടെന്ന് പുതിയ സർവേ വ്യക്തമാക്കുന്നു. ഡാറ്റാ സെന്ററുകളുടെ വർധിച്ചുവരുന്ന വൈദ്യുതി, ജല ഉപഭോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവയാണ് പ്രധാന ആശങ്കകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ലെജർ (Leger) നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 81 ശതമാനം പേർ ഡാറ്റാ സെന്ററുകളുടെ വ്യാപനം ഗാർഹിക വൈദ്യുതി ബില്ലുകൾ വർധിപ്പിക്കുമെന്ന ആശങ്ക പങ്കുവെച്ചു. അതേസമയം, 79 ശതമാനം പേർ ജലവിഭവങ്ങളുടെ അമിത ഉപയോഗം, ഉയർന്ന വൈദ്യുതി ഉപഭോഗം, കാർബൺ പുറന്തള്ളൽ എന്നിവ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, കാനഡയിൽ തന്നെ എഐ സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകൾ നിർമ്മിക്കണമെന്ന കാര്യത്തിൽ പൊതുജനാഭിപ്രായം വിഭജിക്കപ്പെട്ട നിലയിലാണ്. സർവേയിൽ 46 ശതമാനം പേർ ഇത് രാജ്യത്തിന്റെ ഡാറ്റാ പരമാധികാരം (Data Sovereignty) ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 37 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തി. സ്വന്തം പ്രവിശ്യയിൽ പുതിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനെ 44 ശതമാനം പേർ പിന്തുണച്ചപ്പോൾ, 42 ശതമാനം പേർ എതിർത്തു.
ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ വൈദ്യുതി എങ്ങനെ ലഭ്യമാക്കണമെന്ന കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. 58 ശതമാനം പേർ സർക്കാർ അല്ലെങ്കിൽ വൈദ്യുതി വിതരണ സ്ഥാപനങ്ങൾ വൈദ്യുതി നൽകാമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, കമ്പനികൾ മുഴുവൻ ചെലവും സ്വയം വഹിക്കണമെന്നോ സ്വന്തമായി ഊർജസ്രോതസുകൾ വികസിപ്പിക്കണമെന്നോ മൂന്നിലൊന്ന് പേർ അഭിപ്രായപ്പെട്ടു.
കാനഡയിൽ വരും വർഷങ്ങളിൽ ഡാറ്റാ സെന്റർ വികസനം വൻതോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ആൽബർട്ടയിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ള സാഹചര്യത്തിൽ, പരിസ്ഥിതി സംരക്ഷണവും സാങ്കേതിക വികസനവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജൂലൈ 10 മുതൽ 13 വരെ 1,505 പേരിൽ നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവന്നത്.
.