കുട്ടികളുടെ സുരക്ഷ അവഗണിച്ചെന്ന് ആരോപണം; മെറ്റക്കെതിരെ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയുടെ (Meta) സിഇഒ മാർക്ക് സക്കർബർഗ് കമ്പനിയുടെ വളർച്ചയ്ക്കും ഉപയോക്തൃ ഇടപെടൽ വർധിപ്പിക്കുന്നതിനും കുട്ടികളുടെ സുരക്ഷയെക്കാൾ മുൻഗണന നൽകിയിരുന്നുവെന്ന് മുൻ മെറ്റ എഞ്ചിനീയറിംഗ് ഡയറക്ടർ അർതുറോ ബെഹാർ (Arturo Béjar) അമേരിക്കയിലെ ഫെഡറൽ കോടതിയിൽ സാക്ഷ്യപ്പെടുത്തി.
കാലിഫോർണിയയിലെ ഓക്‌ലൻഡിൽ നടക്കുന്ന വിചാരണയിൽ, കുട്ടികളെയും കൗമാരക്കാരെയും പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും രൂപകൽപ്പന ചെയ്തതെന്ന് ബെഹാർ ആരോപിച്ചു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാൻ നിരവധി നിർദേശങ്ങൾ കമ്പനി നേതൃത്വത്തിന് നൽകിയിരുന്നെങ്കിലും അവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് ബെഹാർ പറഞ്ഞു. 13 വയസ്സിന് താഴെയുള്ള കുട്ടികളെ കണ്ടെത്തി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയ്ക്ക് സാങ്കേതിക സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും കമ്പനി അതിൽ കാര്യമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
29 അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്നാണ് മെറ്റയ്‌ക്കെതിരെ കേസ് നൽകിയിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് ആസക്തി സൃഷ്ടിക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തതായും, 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം, എല്ലാ ആരോപണങ്ങളും മെറ്റ നിഷേധിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും, പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ആറ് ആഴ്ചയോളം നീളുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിചാരണ മെറ്റയുടെ ഭാവി പ്രവർത്തനരീതിയെ നിർണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. മെറ്റ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയാൽ വൻ സാമ്പത്തിക പിഴയും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നിർദേശങ്ങളും കമ്പനിക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.