കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സതീശന് ആശംസ നേർന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.ഡി. സതീശൻ നയിച്ച പുതുയുഗയാത്രയ്ക്കിടെയുണ്ടായ തന്റെ അനുഭവും ഔസേപ്പച്ചൻ കുറിപ്പിൽ ഉൾപ്പെടുത്തി.
അമേരിക്കയിലായിരുന്ന താൻ ശനിയാഴ്ചയാണ് തിരിച്ചെത്തിയത് എന്ന് പറഞ്ഞുകൊണ്ടാണ് ഔസേപ്പച്ചൻ കുറിപ്പ് തുടങ്ങിയത്. നമുക്ക് പുതിയ മുഖ്യമന്ത്രിയെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പുതുയുഗയാത്ര തൃശൂരിലെത്തിയപ്പോഴാണ് വി.ഡി. സതീശനുമായി താൻ ആദ്യമായി സംസാരിക്കുന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പുതുയുഗയാത്രയ്ക്കിടെയുള്ള ചിത്രവും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
പുതുയുഗയാത്രയ്ക്കിടെയുള്ള ആ പരിപാടിയിൽ ജോൺസൺ മാഷിന് വേണ്ടിയുള്ള ഒരു ആവശ്യം താൻ സതീശനോട് ഉന്നയിച്ചിരുന്നു. തന്നെ പോലെ ആ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടേയും ആവശ്യങ്ങൾ സസൂക്ഷ്മം കേൾക്കുകയും രേഖപ്പെടുത്തുകയും സതീശൻ ചെയ്തിരുന്നു. ഇതുപോലൊരു മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ ഭാഗ്യമായി കരുതുന്നുവെന്നും സതീശനും ടീമിനും ഹൃദയത്തിൽ നിന്നുള്ള ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
