കേരളത്തിന് അതിവേഗം; തിരുവനന്തപുരം-കണ്ണൂർ ഹൈസ്പീഡ് റെയിൽവേ 3 മണിക്കൂറിൽ
തിരുവനന്തപുരം (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ് റെയിൽവേ (KHSR) പാതയുടെ ഇടക്കാല റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.20 കിലോമീറ്ററാണ് പാതയുടെ നീളം.ഹൈസ്പീഡ് റെയിലിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്താൻ വെറും 3 മണിക്കൂറും 30 മിനിറ്റും മാത്രം മതിയാകുമെന്നാണ് പദ്ധതിയുടെ എറ്റവും വലിയ പ്രത്യേകത. ആകെ 23 സ്റ്റേഷനുകളാണ് തിരുവനന്തപുരം-കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതിയിലുണ്ടാവുക.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.20 കിലോമീറ്റർ നീളമുള്ള ഹൈസ്പീഡ് റെയിൽവേ ഒരു ഇരട്ടപ്പാതയാണ് (Double Line) നിർമ്മിക്കുന്നത്. ഇതിൽ ആകെ 23 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ദൂരം തുരങ്കങ്ങളിലൂടെയായിരിക്കും (Tunnels) കടന്നുപോകുന്നത് എന്നതൊഴിച്ചാൽ, ബാക്കി പാത പൂർണ്ണമായും ഉയർന്നുനിൽക്കുന്ന പില്ലറുകളിലൂടെയായിരിക്കും (Elevated) നിർമ്മാണം. കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളെയും പാത നേരിട്ട് ബന്ധിപ്പിക്കും. കണ്ണൂർ വിമാനത്താവളത്തിലേക്ക് മാത്രമായി 10 കിലോമീറ്റർ നീളമുള്ള ഒരു പ്രത്യേക റോഡ് ഇതിനായി നിർമ്മിക്കും. ഹൈസ്പീഡ് റെയിലിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്താൻ വെറും 3 മണിക്കൂറും 30 മിനിറ്റും മാത്രമായിരിക്കും എടുക്കുക.
നിർമ്മാണച്ചെലവും പ്രവർത്തനച്ചെലവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ പദ്ധതിക്കായി സ്റ്റാൻഡേർഡ് ഗേജാണ് നിർദ്ദേശിച്ചിരിക്കുന്നത്.ബ്രോഡ് ഗേജിലെ 25 ടൺ ആക്സിൽ ലോഡുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റാൻഡേർഡ് ഗേജിൽ ഇത് 15 ടണ്ണായി കുറയ്ക്കാൻ സാധിക്കും. വികസിത രാജ്യങ്ങളെല്ലാം തങ്ങളുടെ അതിവേഗ ട്രെയിൻ സർവീസുകൾക്കായി സ്റ്റാൻഡേർഡ് ഗേജാണ് ഉപയോഗിക്കുന്നത്. കൂടാതെ ഈ മേഖലയിലെ പുതിയ സാങ്കേതിക പരിഷ്കാരങ്ങളും പരീക്ഷണങ്ങളും നടക്കുന്നത് സ്റ്റാൻഡേർഡ് ഗേജിലാണ്. അതിനാൽ ഇന്ത്യയ്ക്ക് ആധുനിക ലോകത്തോടൊപ്പം മുന്നേറാനും ഈ രംഗത്ത് സ്വയംപര്യാപ്തത നേടാനും ഇത് എളുപ്പമാക്കും. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ 20 കിലോമീറ്റർ വീതിയിലും 500 കിലോമീറ്റർ നീളത്തിലുമുള്ള ഒരു വലിയ ഭൂപ്രദേശത്തെ ജനങ്ങൾക്ക് ഈ പാത പ്രയോജനപ്പെടും.
