പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയം ജൂൺ ഒന്നു മുതൽ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള സമയപ്പട്ടിക പുറത്തുവിട്ടു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള പോർട്ടൽ ജൂൺ ഒന്നിന് തുറക്കുമെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കുന്നത്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ മെയ് 29-ന് ആരംഭിക്കുമെന്ന് ബോർഡ് മുമ്പ് പ്രഖ്യാപിച്ച ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്. എന്നാൽ, അപേക്ഷകൾ ജൂൺ ഒന്നു മുതൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ബോർഡ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടർച്ചയായി ഉയർന്ന് വരികയാണ്.
ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷനും പുനർമൂല്യനിർണ്ണയത്തിനും സുതാര്യവും പിശകുകളില്ലാത്തതുമായ പ്രക്രിയ ഉറപ്പാക്കുന്നതിന്, പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ജൂൺ ഒന്നു മുതൽ പോർട്ടൽ തുറക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ സിബിഎസ്ഇ അറിയിച്ചു. ന്യായമായ മൂല്യനിർണ്ണയം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു. എന്തെങ്കിലും പരാതികളോ ആശങ്കകളോ ഉണ്ടെങ്കിൽവിദ്യാർത്ഥികൾക്ക് 1800 11 8004 എന്ന ടെലി-കൗൺസിലിംഗ് ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും resultcbse2026@cbseshiksha.in എന്ന ഇമെയിൽ വിലാസത്തിൽ ഇമെയിൽ ചെയ്യാമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
എങ്ങനെ അപേക്ഷിക്കാം?
ആദ്യം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിലെ ‘Post Result Service’ അല്ലെങ്കിൽ ‘Verification and Re-evaluation’ എന്ന സെക്ഷൻ സെലക്ട് ചെയ്യുക.
അതിന് ശേഷം ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ റോൾ നമ്പറും അഡ്മിറ്റ് കാർഡ് ഐഡിയും നൽകുക.
ഈ ഓപ്ഷനുകൾ ശ്രദ്ധിക്കുക
മാർക്കുകളുടെ പരിശോധന അല്ലെങ്കിൽ പുനർമൂല്യനിർണ്ണയം
പരിശോധനയും പുനർമൂല്യനിർണ്ണയവും ഒരുമിച്ച്
ഒന്നോ അതിലധികമോ വിഷയങ്ങൾ തിരഞ്ഞെടുക്കുക
വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
നിർദ്ദിഷ്ട ഫീസ് ഓൺലൈനായി അടയ്ക്കുക.
അപേക്ഷാ ഫോം സമർപ്പിക്കുക.
സിബിഎസ്ഇയുടെ ഉത്തരക്കടലാസുകളുടെ പകർപ്പുകൾക്കായി ആകെ 4,04,319 അപേക്ഷകളാണ് ലഭിച്ചത്. ഈ വിദ്യാർത്ഥികൾ ആകെ 11,31,961 ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പികൾക്കായിട്ടാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.
വിവാദത്തിൽ മൗനം വെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
സിബിഎസ്ഇയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒടുവിൽ വിവാദത്തിന് മറുപടി നൽകി, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മൂല്യനിർണ്ണയ പ്രക്രിയയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉറപ്പ് നൽകിയെന്നും പറഞ്ഞു. “ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അത് പരിഹരിക്കപ്പെടും, ഒരു പരിഹാരം കണ്ടെത്തും. നാമെല്ലാവരും ആ ദൗത്യത്തിൽ പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു.
