മരണസാധ്യത മുന്നിൽക്കണ്ട് അമേരിക്കയിൽ ബ്ലൂബെറി റീക്കോൾ; കാനഡയിൽ അപകടസാധ്യതയില്ലെന്ന് CFIA
ഇ.കോലി (E. coli) ബാക്ടീരിയ മലിനീകരണ സാധ്യതയെ തുടർന്ന് അമേരിക്കയിൽ ചില ഫ്രോസൺ ബ്ലൂബെറി ഉൽപ്പന്നങ്ങൾ മരണസാധ്യത വരെ മുന്നിൽക്കണ്ട് ഏറ്റവും ഉയർന്ന അപകടവിഭാഗമായ ക്ലാസ്-1 റീക്കോളിന്വിധേയമാക്കിയ സാഹചര്യത്തിൽ, ഈ ഉൽപ്പന്നങ്ങൾ കാനഡയെ ബാധിച്ചിട്ടില്ലെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വ്യക്തമാക്കി.
റീക്കോൾ ചെയ്ത ഉൽപ്പന്നങ്ങൾ കാനഡയിൽ വിതരണം ചെയ്തതായി നിലവിൽ യാതൊരു സൂചനയോ തെളിവോ ലഭിച്ചിട്ടില്ലെന്ന് CFIA അറിയിച്ചു. അതിനാൽ കാനഡയിലെ ഉപഭോക്താക്കൾക്ക് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏജൻസി വ്യക്തമാക്കി.
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) GreenWise Organic Whole Blueberries, GreenWise Organic Whole Mixed Berries എന്നീ ഫ്രോസൺ ബെറി ഉൽപ്പന്നങ്ങളാണ് റീക്കോൾ ചെയ്തത്. ഇ.കോലി മലിനീകരണ സാധ്യത കണക്കിലെടുത്താണ് റീക്കോൾ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഇത് ക്ലാസ്-1 റീക്കോൾ ആയി ഉയർത്തി. ഇത്തരം റീക്കോൾ, ഉൽപ്പന്നം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കോ മരണസാധ്യതയ്ക്കോ കാരണമാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപിക്കുന്നത്.
FDAയുടെ വിവരമനുസരിച്ച്, റീക്കോൾ ചെയ്ത ഉൽപ്പന്നങ്ങൾ പ്രധാനമായും അമേരിക്കയിലെ എട്ട് സംസ്ഥാനങ്ങളിലുള്ള Publix സൂപ്പർമാർക്കറ്റ് ശൃംഖലയിലൂടെയാണ് വിതരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇതുവരെ 12 പേർക്ക് ഇ.കോലി ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും നാല് പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണ്.
ഇ.കോലി ബാധയുണ്ടായാൽ ശക്തമായ വയറുവേദന, രക്തം കലർന്ന വയറിളക്കം, ഛർദി, പനി എന്നിവയുൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് ഗുരുതര സങ്കീർണതകൾക്ക് സാധ്യത കൂടുതലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
റീക്കോൾ ചെയ്ത ഉൽപ്പന്നങ്ങൾ കൈവശമുള്ള അമേരിക്കയിലെ ഉപഭോക്താക്കൾ അവ ഉപയോഗിക്കാതെ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ സുരക്ഷിതമായി നശിപ്പിക്കുകയോ ചെയ്യണമെന്ന് FDA നിർദേശിച്ചിട്ടുണ്ട്. അതേസമയം, കാനഡയിൽ ഈ ഉൽപ്പന്നങ്ങൾ എത്തിയതായി തെളിവുകളില്ലാത്തതിനാൽ രാജ്യത്തെ ഉപഭോക്താക്കൾക്ക് നിലവിൽ പ്രത്യേക നടപടികളൊന്നും സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് CFIA അറിയിച്ചു.