ലോക കപ്പ് ഫുട്‌ബോള്‍: ഇറാന്‍ ടീമിന്റെ പരിശീലന ക്യാമ്പ് മാറ്റി; പുതിയ ക്യാമ്പ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍.
2026- ഫുട്‌ബോള്‍ ലോക കപ്പിനുള്ള ഇറാന്‍ ടീമിന്റെ പരിശീലന ക്യാമ്പ് യുഎസിലെ
അരിസോണയില്‍ നിന്ന് മാറ്റാനുള്ള അഭ്യര്‍ത്ഥന ഫിഫ അംഗീകരിച്ചതിന് പിന്നാലെ പരിശീലനം മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ ടിജുവാനയിലേക്ക് മാറ്റി. ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മെഹ്ദി താജ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശനിയാഴ്ച്ച സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പസഫിക് സമുദ്രത്തിനും മെക്‌സിക്കോക്കും അമേരിക്കക്കും ഇടയിലുള്ള ടിജുവാന ക്യാമ്പിലാണ് ഞങ്ങള്‍ ക്യാമ്പ് ചെയ്യുന്നത്.’ മെഹ്ദി താജ് ടെലിഗ്രാം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ വിസയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ആണ് ഇത്തരത്തില്‍ ക്യാമ്പ് മാറ്റിയതെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. നിലവില്‍ ഇറാന്‍ വിമാനങ്ങള്‍ക്ക് യുഎസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. എന്നാല്‍ ഇറാന്‍ എയറില്‍ മെക്‌സിക്കോയിലേക്ക് പ്രശ്‌നങ്ങളില്ലാതെ പറക്കാന്‍ സ്‌ക്വാഡിന് കഴിയുമെന്നും താജ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 15 ന് ന്യൂസിലന്‍ഡിനെതിരെയും 21 ന് ബെല്‍ജിയത്തിനെതിരെയും 26 ന് ഈജിപ്തിനെതിരെയുമാണ് ഗ്രൂപ്പ് ജിയിലുളള ഇറാന്റെ മത്സരങ്ങള്‍. രണ്ടു മത്സരങ്ങള്‍ ലോസ് ഏഞ്ചല്‍സിലാണ്. ഈ വേദികള്‍ തമ്മിലുള്ള ആകാശദൂരം ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്ന ടിജുവാനയില്‍ നിന്നും 55 മിനിറ്റ് മാത്രമാണ്. അരിസോണയില്‍ ടീം മുമ്പ് ക്യാമ്പ് ചെയ്തതിനേക്കാള്‍ സ്റ്റേഡിയം അടുത്താണെന്നും താജ് പറഞ്ഞു.
യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഫിഫയില്‍ ഇറാന്‍ തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. യുഎസില്‍ നടക്കുന്ന മത്സരങ്ങള്‍ മെക്‌സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റണമെന്നായിരുന്നു ഇറാന്‍ ആവശ്യങ്ങളില്‍ പ്രധാനം. എന്നാല്‍ ഫിഫ ഇക്കാര്യം അംഗീകരിച്ചില്ല. മാത്രമല്ല മതിയായ സുരക്ഷയുണ്ടെന്നും ടീമംഗങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സുരക്ഷയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തങ്ങളുടെ കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും ഇതുവരെ യുഎസ് വിസ ലഭിച്ചിട്ടില്ലെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ഫിഫ പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. വിസ, സുരക്ഷ, ഇറാനിയന്‍ പ്രതിനിധി സംഘത്തിന്റെ ചികിത്സ എന്നിവ സംബന്ധിച്ച ഉറപ്പ് ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താജ് പറഞ്ഞു.
