Trending News
HomeCanada Newsവടക്കൻ ഒന്റാറിയോയിൽ കാട്ടുതീ രൂക്ഷം; നൂറുകണക്കിന് തീപിടിത്തങ്ങൾക്കിടെ ഒഴിപ്പിക്കൽ തുടരുന്നു

വടക്കൻ ഒന്റാറിയോയിൽ കാട്ടുതീ രൂക്ഷം; നൂറുകണക്കിന് തീപിടിത്തങ്ങൾക്കിടെ ഒഴിപ്പിക്കൽ തുടരുന്നു

വടക്കൻ ഒന്റാറിയോയിൽ കാട്ടുതീ രൂക്ഷം; നൂറുകണക്കിന് തീപിടിത്തങ്ങൾക്കിടെ ഒഴിപ്പിക്കൽ തുടരുന്നു

കാനഡയിലെ വടക്കൻ ഒന്റാറിയോയിൽ കാട്ടുതീ അതിരൂക്ഷമായി തുടരുന്നതിനിടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടി തുടരുകയാണ്. പ്രദേശത്ത് നൂറുകണക്കിന് കാട്ടുതീകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ നിരവധി തീപിടിത്തങ്ങൾ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
ആംസ്‌ട്രോങ്, വൈറ്റ്സാൻഡ് ഫസ്റ്റ് നേഷൻ, കോളിൻസ് ഫസ്റ്റ് നേഷൻ, ലാക് ലാ ക്രോയി ഫസ്റ്റ് നേഷൻ, ലാക് ഡെസ് മില്ലെ ലാക്സ് ഫസ്റ്റ് നേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് തുടരുകയാണ്. ചില ഹൈവേകൾ അടച്ചിട്ടിരിക്കുകയാണ്. സ്ഥിതി അതിവേഗം മാറാൻ സാധ്യതയുള്ളതിനാൽ ഒഴിപ്പിക്കൽ മേഖലകളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് മുന്നറിയിപ്പ് നൽകി.
കാട്ടുതീയുടെ പുകയും ചാരവും ഒന്റാറിയോയുടെ വലിയ ഭാഗങ്ങളെയും അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. ടൊറന്റോ ഉൾപ്പെടെ പല നഗരങ്ങളിലും വായു ഗുണനിലവാരം ഗുരുതരമായി മോശമായതിനെ തുടർന്ന് ആരോഗ്യ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ജനങ്ങൾ കഴിയുന്നത്ര വീടിനുള്ളിൽ തുടരാനും പുറത്തുപോകുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ആരോഗ്യ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
സാഹചര്യം കൂടുതൽ ഗുരുതരമായതോടെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഒന്റാറിയോ സർക്കാർ ഫെഡറൽ സർക്കാരിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. കനേഡിയൻ സായുധ സേനയുടെ സഹായം ഉൾപ്പെടെ എല്ലാ ആവശ്യമായ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഉറപ്പുനൽകി. അധികൃതരും അഗ്നിശമന സേനയും കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ രാപകൽ പരിശ്രമം തുടരുകയാണ്.

error: Content is protected !!