വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാർ 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകി; മറുപടിയായി ലോക്കൗട്ട് നോട്ടീസുമായി എയർലൈൻ
കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റ് (WestJet)-ലെ ഏകദേശം 4,400 വിമാന ജീവനക്കാരെ (Flight Attendants) പ്രതിനിധീകരിക്കുന്ന യൂണിയൻ 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകി. ഇതിന് പിന്നാലെ വെസ്റ്റ്ജെറ്റും 72 മണിക്കൂർ ലോക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ രാജ്യത്തെ വേനൽക്കാല യാത്രകൾക്ക് തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.
വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനകൾ, ബോർഡിംഗ്, വിമാന വൈകിയാലുള്ള സേവനങ്ങൾ, യാത്ര അവസാനിച്ച ശേഷമുള്ള നടപടികൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ജോലികൾക്ക് നിലവിൽ പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് യൂണിയന്റെ പ്രധാന പരാതി. ചെക്ക്-ഇൻ മുതൽ ഡ്യൂട്ടി അവസാനിക്കുന്നതുവരെയുള്ള മുഴുവൻ സമയത്തിനും ശമ്പളം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അതേസമയം, നിലവിലെ “ക്രെഡിറ്റ് അവർ” (Credit Hour) അടിസ്ഥാനത്തിലുള്ള ശമ്പള സമ്പ്രദായത്തിലൂടെയാണ് ജീവനക്കാർക്ക് പ്രതിഫലം നൽകുന്നതെന്നും, യൂണിയനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വെസ്റ്റ്ജെറ്റ് അറിയിച്ചു. നിലവിൽ സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്നും യാത്രാ തടസ്സം ഒഴിവാക്കാൻ ധാരണയിലെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ധാരണയായില്ലെങ്കിൽ ഓഗസ്റ്റ് 2 മുതൽ പണിമുടക്കോ ലോക്കൗട്ടോ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. ഇത് കാനഡയിലെ തിരക്കേറിയ ഓഗസ്റ്റ് ലോങ് വീക്കൻഡ് യാത്രാ സീസണിൽ പ്രതിദിനം 600-ലധികം സർവീസുകളെയും ഏകദേശം 75,000 യാത്രക്കാരെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ WestJet Encore സർവീസുകളും മറ്റ് പങ്കാളി എയർലൈൻസുകൾ നടത്തുന്ന ചില കോഡ്-ഷെയർ സർവീസുകളും ഈ തൊഴിൽ തർക്കം നേരിട്ട് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.
യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെ യാത്ര ബുക്ക് ചെയ്തവർക്ക് ഒരു തവണ സൗജന്യമായി യാത്രയുടെ തീയതി മാറ്റാനോ ബുക്കിംഗ് റദ്ദാക്കാനോ വെസ്റ്റ്ജെറ്റ് അവസരം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ ഏറ്റവും പുതിയ അറിയിപ്പുകൾ നിരന്തരം പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു.