ആഗോള പ്രതിരോധ ബാങ്കിന് പിന്തുണ തേടി കാനഡ; നാറ്റോ ഉച്ചകോടിയിൽ നിർണായക പ്രഖ്യാപനത്തിന് നീക്കം
പ്രതിരോധ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി പുതിയ Defence, Security and Resilience Bank (DSRB) രൂപീകരിക്കാനുള്ള നീക്കത്തിൽ കാനഡ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ തേടുന്നു. അടുത്താഴ്ച തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഈ പദ്ധതിക്ക് പിന്തുണ നൽകുന്ന ഏകദേശം 10 സ്ഥാപക രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിക്കാനാണ് കാനഡയുടെ ലക്ഷ്യം.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്ന ഈ പദ്ധതിയുടെ ലക്ഷ്യം സഖ്യരാജ്യങ്ങളിലെ പ്രതിരോധം, സൈബർ സുരക്ഷ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി കുറഞ്ഞ പലിശനിരക്കിൽ വൻതോതിൽ ധനസഹായം ലഭ്യമാക്കുകയാണ്. ബാങ്കിലൂടെ ഏകദേശം 133 ബില്യൺ യുഎസ് ഡോളർസമാഹരിക്കാനാണ് പദ്ധതിയിടുന്നത്.
കാനഡയും ലക്സംബർഗും ഇതിനകം പദ്ധതിയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ ഉൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, അന്തിമ ധാരണയായാൽ അവയും സ്ഥാപക അംഗങ്ങളായി ചേരുമെന്നുമാണ് റിപ്പോർട്ടുകൾ.
പുതിയ ബാങ്ക് സർക്കാരുകൾക്കും പ്രതിരോധ മേഖലയിലെ കമ്പനികൾക്കും കുറഞ്ഞ ചെലവിൽ ധനസഹായം ലഭ്യമാക്കുന്നതിനൊപ്പം സ്വകാര്യ നിക്ഷേപങ്ങളും ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ഉൽപ്പാദനവും സഖ്യരാജ്യങ്ങളുടെ സജ്ജീകരണവും ശക്തിപ്പെടുത്തുന്നതിൽ ഈ ബാങ്ക് നിർണായക പങ്കുവഹിക്കുമെന്നാണ് കാനഡയുടെ പ്രതീക്ഷ.
നാറ്റോ ഉച്ചകോടിയിൽ ഈ പദ്ധതിക്ക് വ്യാപക പിന്തുണ ലഭിക്കുമോ എന്നതാണ് ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രം. സ്ഥാപക രാജ്യങ്ങളുടെ അന്തിമ പട്ടികയും ബാങ്കിന്റെ പ്രവർത്തനരീതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉച്ചകോടിക്കിടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.