‘ഇക്വൽ എർത്ത്’ ലോക ഭൂപടത്തിന് യുഎൻ അംഗീകാരം
രാജ്യങ്ങളുടെ യഥാർഥ വിസ്തീർണവും ഭൂമിശാസ്ത്രപരമായ അനുപാതവും കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ‘ഇക്വൽ എർത്ത്’ (Equal Earth) ഭൂപട പ്രൊജക്ഷനെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയത്തിന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ അംഗീകാരം. ആഫ്രിക്കൻ യൂണിയൻ അംഗരാജ്യങ്ങളും ബഹാമാസും ചേർന്ന് അവതരിപ്പിച്ച “Correct the Map” പ്രമേയം 164 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസായത്. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ, അമേരിക്ക മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. എന്നാൽ ഈ പ്രമേയം നിയമപരമായി നിർബന്ധിതമല്ല; അംഗരാജ്യങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഡിജിറ്റൽ മാപ്പ് സേവനങ്ങളെയും കൂടുതൽ കൃത്യതയുള്ള ഭൂപടരീതി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ്.
നിലവിൽ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന മെർക്കേറ്റർ (Mercator) പ്രൊജക്ഷൻ 1569-ൽ നാവിഗേഷൻ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. എന്നാൽ ഭൂമിയെ പരന്ന പ്രതലത്തിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന വികലത കാരണം ധ്രുവപ്രദേശങ്ങൾക്ക് സമീപമുള്ള രാജ്യങ്ങൾ യഥാർഥത്തേക്കാൾ വലുതായും ഭൂമധ്യരേഖയ്ക്കടുത്ത പ്രദേശങ്ങൾ ചെറുതായും കാണപ്പെടുന്നു. ഇതിന്റെ ഫലമായി ഗ്രീൻലാൻഡ് ആഫ്രിക്കയോട് ഏകദേശം സമാന വലിപ്പമുള്ളതായി തോന്നുമെങ്കിലും യാഥാർഥ്യത്തിൽ ആഫ്രിക്ക ഗ്രീൻലാൻഡിനെക്കാൾ ഏകദേശം 14 മടങ്ങ് വലുതാണ്.
ഈ വികലമായ അവതരണം ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള ആഗോള ധാരണയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഭൂഖണ്ഡങ്ങളുടെ യഥാർഥ വലിപ്പം ചെറുതായി പ്രത്യക്ഷപ്പെടുന്നത് വികസനസാധ്യത, സാമ്പത്തിക പ്രാധാന്യം, അടിസ്ഥാനസൗകര്യ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതുധാരണയെയും ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. ചില ഗവേഷകർ ഇത് യൂറോകേന്ദ്രിതമായ കാഴ്ചപ്പാട് ശക്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടുന്നു.
2018-ൽ അവതരിപ്പിച്ച ഇക്വൽ എർത്ത് പ്രൊജക്ഷൻ ലോകത്തിന്റെ വിവിധ ഭൂവിഭാഗങ്ങളുടെ യഥാർഥ ഉപരിതല വിസ്തീർണം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഭൂപടത്തിൽ ആഫ്രിക്കയും ദക്ഷിണ അമേരിക്കയും നിലവിലുള്ള മെർക്കേറ്റർ ഭൂപടങ്ങളേക്കാൾ വലുതായി പ്രത്യക്ഷപ്പെടുമ്പോൾ യൂറോപ്പ്, റഷ്യ, വടക്കേ അമേരിക്ക, ഗ്രീൻലാൻഡ് എന്നിവയുടെ ദൃശ്യവലിപ്പം യാഥാർഥ്യത്തിനനുസരിച്ച് കുറയുന്നു.
ആഫ്രിക്കൻ യൂണിയൻ ഈ വർഷം മാർച്ചിൽ തന്നെ ഇക്വൽ എർത്ത് ഭൂപടം സ്വീകരിച്ചിരുന്നു. തുടർന്ന് ടോഗോയുടെ നേതൃത്വത്തിൽ വിഷയം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കുകയും ജൂലൈയിൽ അംഗരാജ്യങ്ങളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് ജനറൽ അസംബ്ലി പ്രമേയം പാസാക്കിയത്. “ലോകത്തെ ന്യായമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഭൂപടം തന്നെ ആഗോള നീതിയുടെ തുടക്കമാണ്” എന്നാണ് ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി പ്രതികരിച്ചത്.
അതേസമയം, ഫ്രാൻസ് ഔദ്യോഗിക രേഖകളിലും പ്രസിദ്ധീകരണങ്ങളിലും മെർക്കേറ്റർ പ്രൊജക്ഷന് പകരം കൂടുതൽ കൃത്യതയുള്ള ഭൂപടരീതി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രസാധകർ, അന്താരാഷ്ട്ര സംഘടനകൾ, ഗൂഗിൾ മാപ്സ് പോലുള്ള ഡിജിറ്റൽ മാപ്പ് പ്ലാറ്റ്ഫോമുകൾ എന്നിവയും കൂടുതൽ യാഥാർഥ്യബോധമുള്ള പ്രൊജക്ഷനുകൾ പരിഗണിക്കണമെന്ന് യുഎൻ പ്രമേയം ആഹ്വാനം ചെയ്യുന്നു.