ഇന്ത്യൻ ചരിത്ര വിവരണങ്ങൾ പുനഃപരിശോധിക്കണമെന്ന് ഗവർണർ.
ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഭൂരിഭാഗവും അധിനിവേശക്കാരുടെ കാഴ്ചപ്പാടുകളും താൽപര്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഇത്തരം വിവരണങ്ങൾ ചരിത്രപരമായ വളച്ചൊടിക്കലുകൾക്ക് കാരണമായെന്നും അവ തലമുറകളായി ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പി. രാധാകൃഷ്ണൻ നായർ രചിച്ച ‘10000 ഇയേഴ്സ് ഓഫ് ഭാരതീയ ഹിസ്റ്ററി: ട്രൂത്ത് ആൻഡ് മിത്ത്’ (10000 Years of Bharatiya History: Truth and Myth) എന്ന പുസ്തകം ലോക് ഭവനിൽ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ചരിത്ര വിവരണങ്ങൾ പുനഃപരിശോധിക്കണമെന്നും അവയെ വിമർശനാത്മകമായി വിലയിരുത്തണമെന്നും ഗവർണർ പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ ചരിത്രമെഴുതുക എന്നത് അധിനിവേശക്കാരുടെ രീതിയാണ്. മറ്റു പല സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി മറ്റൊരു രാജ്യത്തെയും ആക്രമിക്കാനോ സ്വന്തം ചരിത്രം അടിച്ചേൽപ്പിക്കാനോ ഉള്ള പാരമ്പര്യം ഇന്ത്യയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊളോണിയൽ കാലഘട്ടത്തിന് മുൻപേ തന്നെ ഇത്തരം തെറ്റായ ചരിത്ര വിവരണങ്ങൾ ആരംഭിച്ചിരുന്നു. ആര്യൻ അധിനിവേശം പോലുള്ള സിദ്ധാതങ്ങൾ മതിയായ തെളിവുകളില്ലാതെയാണ് അവതരിപ്പിക്കപ്പെട്ടതെന്നും പതിറ്റാണ്ടുകളായി ഇവ വിദ്യാഭ്യാസ മേഖലയിലൂടെ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ഇത്തരം ആശയങ്ങൾ ചോദ്യം ചെയ്യപ്പെടാത്ത വസ്തുതകളായിട്ടാണ് പഠിപ്പിച്ചിരുന്നതെന്നും ഇത് നമ്മുടെ ചിന്താഗതികളിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നും അർലേക്കർ ഓർമ്മിപ്പിച്ചു.
