ഇറാൻ യുദ്ധത്തിനിടെ യുഎഇക്ക് കാവലായി ഇസ്രായേലിൻ്റെ അയൺ ഡോം
ഇറാാനുമായുള്ള യുദ്ധത്തിനിടെ തങ്ങളുടെ അഭിമാനകരമായ വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ (Iron Dome) ഇസ്രായേൽ ആദ്യമായി വിദേശത്ത് വിന്യസിച്ചതായി റിപ്പോർട്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് (UAE) ഒരു അയൺ ഡോം ബാറ്ററിയും അത് പ്രവർത്തിപ്പിക്കാനുള്ള സൈനികരെയുമാണ് ഇസ്രായേൽ അയച്ചതെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഇതുവരെ പരസ്യപ്പെടുത്താതിരുന്ന ഈ നീക്കം യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് നടന്നത്. ഗൾഫ് മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങൾക്കും താൽപ്പര്യങ്ങൾക്കും നേരെ ഇറാൻ തുടർച്ചയായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് യുഎഇ ഇസ്രായേലിന്റെ സഹായം തേടിയത്. പ്രധാനപ്പെട്ട സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ഭീഷണിയിലായതോടെ അബുദാബി തങ്ങളുടെ സഖ്യകക്ഷികളോട് അടിയന്തര സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അയൺ ഡോം വിന്യസിക്കാൻ ഉത്തരവിട്ടത്. ഇന്റർസെപ്റ്റർ മിസൈലുകളും ഏതാനും ഡസൻ സൈനികരും ഈ ദൗത്യത്തിന്റെ ഭാഗമായി യുഎഇയിലെത്തി. ഇസ്രായേലിന് പുറത്ത് അമേരിക്കയൊഴികെ മറ്റൊരു രാജ്യം അയൺ ഡോം ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.
