a
HomeIndian Newsകെ. അണ്ണാമലൈ തുടക്കം കുറിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വൻ ജനപിന്തുണ

കെ. അണ്ണാമലൈ തുടക്കം കുറിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വൻ ജനപിന്തുണ

കെ. അണ്ണാമലൈ തുടക്കം കുറിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വൻ ജനപിന്തുണ

തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ തുടക്കം കുറിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വൻ ജനപിന്തുണ. പാർട്ടി പ്രഖ്യാപിച്ച് വെറും 10 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം ആളുകളാണ് പ്രസ്ഥാനത്തിൽ അംഗത്വമെടുത്തത്. വെള്ളിയാഴ്ചയാണ് അണ്ണാമലൈ ബിജെപി വിട്ട് ‘വി ദ ലീഡേഴ്സ്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചത്. തന്റെ പുതിയ പ്രസ്ഥാനത്തിന് ലഭിച്ച പ്രതികരണത്തിന് അണ്ണാമലൈ എക്സിലൂടെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.
“നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനം ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വെറും 10 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം നേതാക്കളാണ് ഇതിൽ രജിസ്റ്റർ ചെയ്തത്. നമ്മുടെ കൂട്ടായ ലക്ഷ്യത്തിലും കാഴ്ചപ്പാടിലുമുള്ള ജനങ്ങളുടെ വളർന്നുവരുന്ന വിശ്വാസത്തിന്റെ ശക്തമായ തെളിവാണ് ഈ അസാധാരണ പ്രതികരണം. ഈ പ്രസ്ഥാനത്തിൽ വിശ്വസിച്ച ഓരോരുത്തർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,” അണ്ണാമലൈ കുറിച്ചു.
വ്യക്തിപൂജകളും കപടഭക്തിയും വംശീയ രാഷ്ട്രീയവും പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് സാധാരണക്കാര കേന്ദ്രീകൃതമായ ഭരണവും രാഷ്ട്രീയവും കെട്ടിപ്പടുക്കുകയാണ് വി ദ ലീഡേഴ്സ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് അണ്ണാമലൈ വ്യക്തമാക്കി.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020 ഓഗസ്റ്റിലാണ് ബിജെപിയിൽ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ പാർട്ടിയിൽ ഉയർന്ന പദവികളിലേക്ക് എത്തിയ അദ്ദേഹം ആഴ്ചകൾക്കുള്ളിൽ സംസ്ഥാന വൈസ് പ്രസിഡന്റായും 2021-ൽ തമിഴ്‌നാട് ബിജെപി അധ്യക്ഷനായും നിയമിതനായി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ബിജെപിയ്ക്ക് സാധിച്ചിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലം 3 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 2024-ൽ 11 ശതമാനമായി ഉയർത്താൻ അണ്ണാമലൈയ്ക്ക് കഴിഞ്ഞു. എങ്കിലും തമിഴ്‌നാട്ടിൽ ഒരു പാർലമെന്റ് സീറ്റ് പോലും നേടാൻ ബിജെപിയ്ക്ക് സാധിച്ചിരുന്നില്ല. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരവകുറിച്ചിയിൽ നിന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നും അണ്ണാമലൈ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എങ്കിലും തമിഴ്‌നാട്ടിലെ യുവവോട്ടർമാർക്കിടയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ മുഖമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1984 ജൂൺ 4-ന് കരൂർ ജില്ലയിലാണ് അണ്ണാമലൈ ജനിച്ചത്. കോയമ്പത്തൂർ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗും, ഐഐഎം ലഖ്‌നൗവിൽ നിന്ന് എംബിഎ ബിരുദവും നേടി. രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതിന് മുൻപ് കർണാടകയിൽ ഐ.പി.എസ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഉഡുപ്പിയിലെ ഔദ്യോഗിക കാലയളവിൽ വലിയ ജനപ്രീതി നേടിയിരുന്നു. സിങ്കം എന്ന പേരാണ് ആരാധകർ അദ്ദേഹത്തിന് നൽകിയിരുന്നത്.
വി ദ ലീഡേഴ്സ് പ്രസ്ഥാനത്തിന് ലഭിച്ച ഈ വൻ ജനപിന്തുണ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2031ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ പ്രസ്ഥാനത്തെ ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറ്റാൻ അണ്ണാമലൈയ്ക്ക് സാധിക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.