ട്രംപിന്റെ ചൈന സന്ദർശനത്തിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് പുട്ടിൻ ചൈനയിലേക്ക്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിനു തൊട്ടുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ചൈനയിലേക്ക്. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ചൈനയിലെത്തിയ പുട്ടിൻ, പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുമായി നല്ല ബന്ധം നിലനിർത്തിക്കൊണ്ട് യുഎസുമായുള്ള വ്യാപാര ബന്ധം ശക്തമാക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് പുട്ടിന്റെ സന്ദർശനം. ചൈന–റഷ്യ സൗഹൃദ ഉടമ്പടിയുടെ 25ാം വാർഷികവുമാണ്.
അതേസമയം, ട്രംപിന്റെയും പുട്ടിന്റെയും ചൈനാ സന്ദർശനങ്ങൾ തമ്മിൽ ബന്ധമില്ലെന്നും ഫെബ്രുവരി 4ന് പുട്ടിനും ഷി ചിൻപിങ്ങും സംസാരിച്ചതിനു ശേഷം യാത്ര തീരുമാനിച്ചിരുന്നതാണെന്നുമാണ് റഷ്യൻ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, യുഎസ്–ചൈന ചർച്ച സംബന്ധിച്ച വിവരങ്ങൾ അറിയാനും റഷ്യയുടെ നിലപാട് അറിയിക്കാനും ഈ യാത്ര സഹായിക്കുമെന്നു പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതുവരെയില്ലാത്ത തലത്തിലാണ് മുന്നോട്ടു പോകുന്നതെന്നും രാജ്യാന്തര തലത്തിൽ ഈ ബന്ധം വളരെ പ്രധാനമാണെന്നും ചൈനയിലേക്കു തിരിക്കും മുൻപ് പുറത്തുവിട്ട വിഡിയോയിൽ പുട്ടിൻ പറഞ്ഞു. 2025 സെപ്റ്റംബറിലാണ് പുട്ടിൻ ഇതിനു മുൻപ് ചൈനയിലെത്തിയത്.
നിലവിൽ റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2022ൽ റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം യുഎസും യൂറോപ്പും പലതവണ ഉപരോധം ഏർപ്പെടുത്തിയിട്ടും ചൈന റഷ്യയുമായുള്ള വ്യാപാരബന്ധം തുടർന്നു.
