Trending News
HomeCanada Newsനോവ സ്കോഷ്യയിൽ കാട്ടുതീ അതിവേഗം വ്യാപിക്കുന്നു; വിസ്തൃതി 1,700 ഹെക്ടറിലെത്തി

നോവ സ്കോഷ്യയിൽ കാട്ടുതീ അതിവേഗം വ്യാപിക്കുന്നു; വിസ്തൃതി 1,700 ഹെക്ടറിലെത്തി

നോവ സ്കോഷ്യയിൽ കാട്ടുതീ അതിവേഗം വ്യാപിക്കുന്നു; വിസ്തൃതി 1,700 ഹെക്ടറിലെത്തി

കാനഡയിലെ നോവ സ്കോഷ്യ പ്രവിശ്യയിൽ പടരുന്ന കാട്ടുതീ അതിവേഗം വ്യാപിച്ച് ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഹാലിഫാക്സ് കൗണ്ടിയിലെ ജാക്കറ്റ് ലേക്ക് (Jacket Lake), മൂസ്ലാൻഡ് റോഡ് (Mooseland Road) മേഖലകളിൽ കത്തിപ്പടരുന്ന തീയുടെ വിസ്തൃതി മണിക്കൂറുകൾക്കകം 1,700 ഹെക്ടറായിഉയർന്നതായി പ്രവിശ്യാ പ്രകൃതി വിഭവ വകുപ്പ് (DNR) അറിയിച്ചു. തീ ഇപ്പോഴും പൂർണമായും നിയന്ത്രണാതീതമായ നിലയിലാണ്.
വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 300 ഹെക്ടർ മാത്രമായിരുന്ന തീ, ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം ഒരു ദിവസത്തിനുള്ളിൽ അഞ്ചിരട്ടിയിലധികം വ്യാപിക്കുകയായിരുന്നു. തീയുടെ വ്യാപനം കണക്കിലെടുത്ത് മൂസ്ലാൻഡ് റോഡിന്റെ ഭാഗങ്ങളിലും ഹൈവേ 7 വരെയുള്ള പ്രദേശങ്ങളിലും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് തുടരുകയാണ്. ഏകദേശം 100 മുതൽ 150 വരെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
കാട്ടുതീ നിയന്ത്രണത്തിനായി പ്രവിശ്യാ അഗ്നിശമന സേന, ഹാലിഫാക്സ് റീജിയണൽ ഫയർ ആൻഡ് എമർജൻസി, സന്നദ്ധ അഗ്നിശമന സേനാംഗങ്ങൾ എന്നിവർ സംയുക്തമായി പ്രവർത്തിച്ചുവരികയാണ്. രണ്ട് ഡി.എൻ.ആർ ഹെലികോപ്റ്ററുകൾ, നാല് വാട്ടർ ബോംബർ വിമാനങ്ങൾ, കൂടാതെ ന്യൂഫൗണ്ട്ലാൻഡിൽ നിന്നുള്ള അധിക വാട്ടർ ബോംബർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി വിതരണം മുൻകരുതൽ നടപടിയായി വിച്ഛേദിച്ചിരിക്കുകയാണ്.
ഒഴിപ്പിക്കപ്പെട്ടവർക്കായി റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അടിയന്തര താമസകേന്ദ്രങ്ങളും മറ്റ് സഹായസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥയിൽ മാറ്റമുണ്ടായി മഴ ലഭിച്ചാൽ തീ നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷയിലാണെങ്കിലും, നിലവിലെ ചൂടും വരണ്ട അന്തരീക്ഷവും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്.
ഈ വർഷം മാത്രം നോവ സ്കോഷ്യയിൽ 100-ഓളം കാട്ടുതീകൾ റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികമാണ്. മിക്ക കാട്ടുതീകളും മനുഷ്യരുടെ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, പൊതുജനങ്ങൾ BurnSafe നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, വനമേഖലകളിൽ തീ ഉപയോഗിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 25,000 കാനഡൻ ഡോളർ വരെ പിഴ ലഭിക്കാമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!