മലയാള താരങ്ങളെ അണിനിരത്തി നാനിയുടെ ബിഗ് ബജറ്റ് ചിത്രം;
ഹൈദരാബാദ്: തെലുങ്ക് നടൻ നാനിയുടെ ഉടമസ്ഥതയിലുള്ള ‘വോൾ പോസ്റ്റർ സിനിമ’ ദുൽഖർ സൽമാൻ, നസ്‌ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രങ്ങൾ നിർമ്മിക്കുന്നു. നാനിയുടെ നിർമ്മാണക്കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദിൽ വെച്ചാണ് ഈ പ്രോജക്റ്റുകൾ പ്രഖ്യാപിച്ചത്. റാം ജഗദീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും, മുരളികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലെനും പ്രധാന വേഷങ്ങളിലെത്തും. മലയാളത്തിലെ മുൻനിര താരങ്ങളെ ഉൾപ്പെടുത്തി അയൽസംസ്ഥാനങ്ങളിലെ വിപണി ലക്ഷ്യം വെച്ചാണ് നാനി ഈ ചുവടുവെപ്പ് നടത്തുന്നത്.
നാനിയുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘ദി പാരഡൈസ്’ ഓഗസ്റ്റ് 21-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘ദസറ’യ്ക്ക് ശേഷം സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി നാനി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതവും ജികെ വിഷ്ണു ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രം നടന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് കണക്കാക്കപ്പെടുന്നത്. നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ‘ദി പാരഡൈസ്’ കടുത്ത മത്സരമാണ് നേരിടാൻ പോകുന്നത്. ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, രജനികാന്ത് ചിത്രം ‘ജയിലർ 2’ എന്നിവയ്‌ക്കൊപ്പമാണ് നാനി ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരേ ദിവസം പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ പുറത്തിറങ്ങുന്നത് ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വലിയിരുത്തുന്നു. നാനിയുടെ മുൻകാല ചിത്രങ്ങളായ ‘ഈച്ച’, ‘ജെഴ്സി’ എന്നിവയ്ക്ക് കേരളത്തിൽ ലഭിച്ച ജനപ്രീതി ‘ദി പാരഡൈസി’നും ഗുണകരമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
