മോഷ്ടിക്കപ്പെട്ട 657 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക
ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലേക്ക് കടത്തിയ 14 മില്യൺ ഡോളർ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള 657 പുരാവസ്തുക്കൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇന്ത്യയ്ക്ക് കൈമാറി. രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങൾക്കൊടുവിലാണ് ഈ അപൂർവ്വ ശേഖരം വീണ്ടെടുത്തത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ നടന്ന ചടങ്ങിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ജൂനിയർ പുരാവസ്തുക്കൾ ഔദ്യോഗികമായി കൈമാറി.
കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരൻ സുഭാഷ് കപൂർ, മുൻപ് ശിക്ഷിക്കപ്പെട്ട നാൻസി വീനർ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനൽ ശൃംഖലകളിൽ നിന്നാണ് അധികൃതർ ഈ പുരാവസ്തുക്കൾ കണ്ടെടുത്തത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വൻകിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആൽവിൻ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കൾ വീണ്ടെടുക്കാൻ സഹായിച്ച മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിനും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിനും ഇന്ത്യൻ കോൺസുൽ ജനറൽ ബിനായ പ്രധാൻ നന്ദി അറിയിച്ചു.
