വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി, അപമാനിച്ചാൽ തടവും പിഴയും
ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ ചരിത്രപരമായ നീക്കത്തിലൂടെ ദേശീയഗീതത്തിനും ദേശീയഗാനത്തിനും ഇനി ഒരേ നിയമപരിരക്ഷയും ആദരവും ലഭിക്കും.
ഇതിനായി ദേശീയ ചിഹ്നങ്ങളെ അവഹേളനം തടയുന്ന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വന്ദേമാതരത്തെ അപമാനിക്കുന്നവർക്കോ അത് ആലപിക്കുന്നത് തടസപ്പെടുത്തുന്നവർക്കോ ഇനിമുതൽ തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച ഈ ഗാനത്തിന്റെ നൂറ്റമ്പതാം വാർഷിക വേളയിലാണ് ഇത്തരമൊരു സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കുന്ന ഈ മാറ്റം ഉടൻതന്നെ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാളിലും അസമിലും നേടിയ വൻ വിജയത്തിന് പിന്നാലെയാണ് ദേശീയഗീതമായ വന്ദേമാതരത്തിന്, ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാനുള്ള നിർദ്ദേശത്തിന് നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചൊവ്വാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ദേശീയഗാനത്തിന് നിലവിൽ ലഭിക്കുന്ന അതേ നിയമപരിരക്ഷ വന്ദേ മാതരത്തിനും ലഭ്യമാക്കുന്നതിനായി, ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്ന നിയമത്തിൽ (Prevention of Insults to National Honour Act) ഭേദഗതി വരുത്താൻ സർക്കാർ അംഗീകാരം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് നടപ്പിലാകുന്നതോടെ, വന്ദേ മാതരം ആലപിക്കുമ്പോൾ അതിനെ അപമാനിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും ജാമ്യമില്ലാ കുറ്റമായി (cognizable offence) കണക്കാക്കും.
