വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വീണ്ടും അവഗണിക്കപ്പെട്ടതിനാൽ താനിനി മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല രാഹുൽഗാന്ധിയെ അറിയിച്ചെന്നാണ് വിവരം.
എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും സംസാരിച്ചെങ്കിലും ചെന്നിത്തല നിലപാടിൽനിന്ന് പിന്തിരിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിപ്രഖ്യാപനം വന്നയുടൻ മാധ്യമങ്ങൾക്കോ നേതാക്കൾക്കോ മുഖംകൊടുക്കാതെ അദ്ദേഹം രഹസ്യമായി വഴുതക്കാട്ടെ വസതിയിൽനിന്നുപോയി. വൈകീട്ടുചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലും പ്രതിഷേധിച്ച് പങ്കെടുത്തില്ല. പാർട്ടിതീരുമാനത്തിനു വിധേയമായി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ചുള്ള കത്ത് അദ്ദേഹം കെ.പി.സി.സി. നേതൃത്വത്തിന് കൈമാറി.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനുമുൻപ് തീരുമാനം അറിയിക്കാൻ രാഹുൽഗാന്ധി ചെന്നിത്തലയെ ഫോണിൽ വിളിച്ച് 20 മിനിറ്റോളം സംസാരിച്ചു.
സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള സാഹചര്യം രാഹുൽ വിവരിച്ചു. ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാവണമെന്നും അർഹമായ പരിഗണന നൽകുമെന്നും രാഹുൽ അറിയിച്ചു.
എന്നാൽ, ഇത് രണ്ടാംതവണയാണ് തനിക്ക് നീതി നിഷേധിക്കുന്നതെന്ന് ചെന്നിത്തല മറുപടിനൽകി. കഴിഞ്ഞതവണ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തനിക്കായിരുന്നു ഭൂരിപക്ഷം. എന്നിട്ടും പരിഗണിച്ചില്ല. അന്ന് തിരഞ്ഞെടുത്തിരുന്നെങ്കിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വാഭാവികമുഖമായി താൻ വരുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയിലെ സീനിയോറിറ്റിയും പരിചയസമ്പത്തും അനുസരിച്ച് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം രാഹുൽ ഉറപ്പുനൽകി. അതൊന്നും മുഖ്യമന്ത്രിക്കസേരയ്ക്കു പകരമാവില്ലല്ലോ എന്നായിരുന്നു ഇതിനുള്ള ചെന്നിത്തലയുടെ മറുപടി.
