Trending News
HomeCanada Newsപസഫിക് തീരത്തേക്ക് പുതിയ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ; കാനഡയും അൽബർട്ടയും കൈകോർക്കുന്നു

പസഫിക് തീരത്തേക്ക് പുതിയ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ; കാനഡയും അൽബർട്ടയും കൈകോർക്കുന്നു

പസഫിക് തീരത്തേക്ക് പുതിയ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ; കാനഡയും അൽബർട്ടയും കൈകോർക്കുന്നു

കാനഡയുടെ ഊർജ കയറ്റുമതി വിപുലീകരിക്കുന്നതിനുള്ള നിർണായക നീക്കമായി, അൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയുടെ പസഫിക് തീരത്തേക്ക് പുതിയ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ പദ്ധതിക്ക് ഫെഡറൽ സർക്കാരും അൽബർട്ട സർക്കാരും സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയും അൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്നാണ് പദ്ധതിയുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചത്. പ്രതിദിനം ഏകദേശം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ കഴിയുന്ന പൈപ്പ്‌ലൈൻ പദ്ധതിയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
നിലവിലെ ട്രാൻസ് മൗണ്ടൻ പാതയുമായി ബന്ധിപ്പിച്ചാണ് പുതിയ പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഏഷ്യൻ വിപണികളിലേക്കുള്ള കാനഡയുടെ എണ്ണ കയറ്റുമതി വർധിപ്പിക്കുകയും, അമേരിക്കൻ വിപണിയിലുള്ള അമിത ആശ്രയം കുറയ്ക്കുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം. പദ്ധതി ദേശീയ താൽപര്യമുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായി പരിഗണിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പൈപ്പ്‌ലൈൻ പദ്ധതിയിൽ Trans Mountain Corporation, Pembina Pipeline എന്നിവ പങ്കാളികളാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശീയ (Indigenous) സമൂഹങ്ങൾക്ക് പദ്ധതിയിൽ ഓഹരി പങ്കാളിത്തത്തിനും സാമ്പത്തിക നേട്ടങ്ങൾക്കും അവസരം ഒരുക്കുമെന്നും സർക്കാരുകൾ അറിയിച്ചു. അതേസമയം, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ തീരത്തെ എണ്ണ ടാങ്കർ നിരോധനം തുടരുമെന്ന് പ്രധാനമന്ത്രി കാർണി വ്യക്തമാക്കി.
പദ്ധതി നടപ്പായാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും, കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഫെഡറൽ അവലോകനത്തിനും തദ്ദേശീയ സമൂഹങ്ങളുമായുള്ള കൂടിയാലോചനകൾക്കും ശേഷം ആവശ്യമായ അനുമതികൾ ലഭിച്ചാൽ 2027-ൽ തന്നെ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പ്രഖ്യാപനം കാനഡയുടെ ഊർജ നയത്തിൽ ഒരു നിർണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ഊർജ വിപണിയിൽ കാനഡയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കയറ്റുമതി വിപണികൾ തുറക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നാണ് ഫെഡറൽ സർക്കാരും അൽബർട്ട സർക്കാരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

error: Content is protected !!