നാറ്റോ ഉച്ചകോടിക്ക് പിന്നാലെ കാർണിക്ക് പേരുകൊത്തിയ റിവോൾവർ സമ്മാനമായി നൽകി എർദോഗാൻ
നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്ക്, തുർക്കി പ്രസിഡന്റ് റെജെപ് തയ്യിപ് എർദോഗാൻ പേരുകൊത്തിയ റിവോൾവർ സമ്മാനമായി നൽകി. ഉച്ചകോടിയുടെ സമാപന വേളയിൽ ലോകനേതാക്കൾക്കായി ഒരുക്കിയ പ്രത്യേക സമ്മാനങ്ങളിലൊന്നായിരുന്നു ഇത്. എർദോഗാൻ നൽകിയ ഈ വ്യത്യസ്ത സമ്മാനം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തു.
മാധ്യമങ്ങളോട് പ്രതികരിച്ച കാർണി, ഇത്തരമൊരു സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. മറ്റ് നേതാക്കൾക്കും സമാനമായ സമ്മാനങ്ങൾ നൽകിയതായി പിന്നീട് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി. മറുപടിയായി താൻ എർദോഗാനു കാനഡയുടെ പ്രതീകമായ മേപ്പിൾ സിറപ്പ് സമ്മാനിച്ചതായും കാർണി പറഞ്ഞു.
തുർക്കിയിൽ നിർമ്മിച്ച Gümüşay .357 Magnum റിവോൾവറുകളാണ് നേതാക്കൾക്ക് സമ്മാനമായി നൽകിയത്. ഓരോ റിവോൾവറിലും അതത് നേതാവിന്റെ പേര് കൊത്തിയിരുന്നതായും ചില സമ്മാന പെട്ടികളിൽ വെടിയുണ്ടകളും ഉൾപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുർക്കിയുടെ പ്രതിരോധ വ്യവസായത്തിന്റെ സാങ്കേതിക ശേഷി ലോകനേതാക്കൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മാനങ്ങൾ നൽകിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡ സർക്കാർ അറിയിച്ചതനുസരിച്ച്, കാർണിക്ക് ലഭിച്ച റിവോൾവർ വെടിവെക്കാൻ കഴിയാത്തവിധം പ്രവർത്തനരഹിതമാക്കും (decommission). വെടിയുണ്ടകൾ തുർക്കിയിൽ തന്നെ ഉപേക്ഷിക്കുകയും കാനഡയിലെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് സമ്മാനം രാജ്യത്തേക്ക് കൊണ്ടുവരികയെന്നും അധികൃതർ വ്യക്തമാക്കി. തുടർന്ന് ഇത് സർക്കാർ ശേഖരത്തിലോ മ്യൂസിയത്തിലോ സൂക്ഷിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
കാനഡയിലെ Conflict of Interest Act പ്രകാരം, വിദേശ രാഷ്ട്രത്തലവന്മാരിൽ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ നിർബന്ധമായും രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചായിരിക്കും കൈകാര്യം ചെയ്യുകയും വേണം. അതിനാൽ കാർണിക്ക് ലഭിച്ച ഈ സമ്മാനവും ഔദ്യോഗിക നടപടിക്രമങ്ങൾക്കനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുക.
ഈ സംഭവത്തിന് പിന്നാലെ നയതന്ത്ര സമ്മാനങ്ങളുടെ സ്വഭാവവും അവയുടെ പ്രതീകാത്മക പ്രാധാന്യവും വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നയതന്ത്ര ആചാരത്തിന്റെ ഭാഗമായാണ് ഇത്തരം സമ്മാനങ്ങൾ കൈമാറുന്നതെങ്കിലും, ആയുധം പോലുള്ള സമ്മാനങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രത്യേക ശ്രദ്ധയും ചർച്ചയും നേടാറുണ്ട്.