കാനഡയിൽ യുവാക്കളുടെ തൊഴിൽ പ്രതിസന്ധി രൂക്ഷം; ജോലി കണ്ടെത്താൻ കടുത്ത മത്സരം
കാനഡയിൽ യുവാക്കൾക്ക് ജോലി കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി തുടരുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ടെങ്കിലും തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്ന യുവാക്കളുടെ എണ്ണവും എൻട്രി ലെവൽ ജോലികൾക്കുള്ള മത്സരവും ഉയർന്നതോടെ നിരവധി യുവാക്കൾക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ജൂൺ 2026 ലേബർ ഫോഴ്‌സ് സർവേ പ്രകാരം രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമാണ്. എന്നാൽ 15 മുതൽ 24 വയസുവരെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായിരേഖപ്പെടുത്തി. മേയിലെ 13.4 ശതമാനത്തിൽ നിന്ന് നേരിയ കുറവുണ്ടായെങ്കിലും യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കോവിഡ് മഹാമാരിക്ക് മുമ്പുള്ള ശരാശരിയേക്കാൾ ഇപ്പോഴും ഉയർന്ന നിലയിലാണ്.
ജൂണിൽ യുവാക്കൾക്കിടയിൽ ഏകദേശം 33,000 തൊഴിലവസരങ്ങൾ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ വർധന പ്രധാനമായും പാർട്ട് ടൈം ജോലികളിലായിരുന്നു. സ്ഥിരമായ ഫുൾ ടൈം ജോലി അന്വേഷിക്കുന്നവർക്കും അടുത്തിടെ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്നവർക്കും സാഹചര്യം ഇപ്പോഴും വെല്ലുവിളിയാണ്.
പ്രവിശ്യാതല കണക്കുകളിലും തൊഴിൽ വിപണിയിലെ സമ്മർദ്ദം പ്രകടമാണ്. ജൂണിൽ ആൽബർട്ടയിലും ഒന്റാറിയോയിലും തൊഴിലില്ലായ്മ 7.0 ശതമാനവും, ബ്രിട്ടീഷ് കൊളംബിയയിൽ 6.5 ശതമാനവും, സസ്‌കാച്ചെവാനിൽ 6.1 ശതമാനവും രേഖപ്പെടുത്തി. ക്യൂബെക്കിലും മാനിറ്റോബയിലും നിരക്ക് 5.4 ശതമാനമായിരുന്നു.
ചില നഗരങ്ങളിൽ സ്ഥിതി ദേശീയ ശരാശരിയേക്കാൾ കൂടുതൽ രൂക്ഷമാണ്. ബ്രിട്ടീഷ് കൊളംബിയയിലെ കെലോണയിൽ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിലെ 6.3 ശതമാനത്തിൽ നിന്ന് ജൂണിൽ 9.2 ശതമാനമായിഉയർന്നു. നഗരത്തിലെ തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ലഭ്യമായ ജോലികൾക്കുള്ള മത്സരവും ശക്തമായിട്ടുണ്ട്.
റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഫുഡ് സർവീസ്, സീസണൽ ജോലികൾ തുടങ്ങിയ മേഖലകളിലെ എൻട്രി ലെവൽ തസ്തികകൾക്കായി വലിയ തോതിൽ അപേക്ഷകൾ എത്തുന്നതും യുവാക്കൾക്ക് തിരിച്ചടിയാകുന്നു. വിദ്യാർഥികളും പുതുതായി പഠനം പൂർത്തിയാക്കിയവരും ഒരേ ഒഴിവുകൾക്കായി മത്സരിക്കുന്ന സാഹചര്യത്തിൽ നിരവധി അപേക്ഷകൾ നൽകിയിട്ടും ജോലി ലഭിക്കാൻ വൈകുന്നതായുള്ള അനുഭവങ്ങളും പുറത്തുവരുന്നുണ്ട്.
കാനഡയുടെ മൊത്തം തൊഴിൽ വിപണി ചില മേഖലകളിൽ വളർച്ച കാണിക്കുന്നുണ്ടെങ്കിലും യുവാക്കളുടെ ഉയർന്ന തൊഴിലില്ലായ്മ രാജ്യത്തിന്റെ പ്രധാന തൊഴിൽ വെല്ലുവിളികളിലൊന്നായി തുടരുകയാണ്. വരും മാസങ്ങളിൽ ഫുൾ ടൈം തൊഴിലവസരങ്ങളുടെ വളർച്ചയും യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിലെ മാറ്റവും തൊഴിൽ വിപണിയുടെ ദിശ നിർണയിക്കുന്നതിൽ പ്രധാനമാകും.