കാനഡയിൽ അതിതീവ്ര കാലാവസ്ഥ വർധിക്കുന്നു; രണ്ടുദിവസത്തെ കൊടുങ്കാറ്റിൽ $840 മില്യൺ നഷ്ടം
ജൂണിൽ മാനിറ്റോബയിലും സസ്കാച്ചെവനിലും രണ്ട് ദിവസത്തിനിടെ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ ഏകദേശം 840 മില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായതായി കണക്കുകൾ. കാറ്റ്, മഴ, ആലിപ്പഴവർഷം എന്നിവയാണ് പ്രധാനമായും നാശനഷ്ടങ്ങൾക്ക് കാരണമായത്.
ടൊറന്റോ ആസ്ഥാനമായുള്ള അതിതീവ്ര കാലാവസ്ഥാ വിശകലന സ്ഥാപനമായ Catastrophe Indices and Quantification Inc. (CatIQ) ആണ് നഷ്ടത്തിന്റെ കണക്ക് പുറത്തുവിട്ടത്. ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡയുടെ (IBC) കണക്കനുസരിച്ച്, 2025ൽ മാനിറ്റോബയിലും സസ്കാച്ചെവനിലുമായി ഏകദേശം 760 മില്യൺ ഡോളറിന്റെ ഇൻഷ്വർഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഏകദേശം 430 മില്യൺ ഡോളറും കാട്ടുതീ മൂലമായിരുന്നു.
2021 മുതൽ രണ്ട് പ്രെയറി പ്രവിശ്യകളിലുമായി 30 അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഉണ്ടായതായും, ഇതിലൂടെ 2.5 ബില്യൺ ഡോളറിലധികം ഇൻഷ്വർഡ് നഷ്ടം സംഭവിച്ചതായും IBC അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ നഷ്ടം ഒരാൾക്ക് ശരാശരി 1,000 ഡോളറോളം വരുന്നതായും മുൻ അഞ്ച് വർഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 140 ശതമാനം വർധനവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡയുടെ ഫെഡറൽ അഫയേഴ്സ് വൈസ് പ്രസിഡന്റ് ലിയാം മക്ഗിന്റി, ഇത്തരം പ്രകൃതിദുരന്തങ്ങൾ കാനഡയിൽ ഇപ്പോൾ പതിവായി മാറുകയാണെന്ന് പറഞ്ഞു. മുമ്പ് അസാധാരണമായി കണക്കാക്കിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ നഷ്ടങ്ങൾ ഇന്ന് പതിവായി സംഭവിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിതീവ്ര കാലാവസ്ഥയെ നേരിടാൻ കൂടുതൽ ശക്തമായ അടിസ്ഥാന സൗകര്യങ്ങളിൽ ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ നിക്ഷേപം നടത്തണമെന്നും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ നിർമ്മാണം നിയന്ത്രിക്കണമെന്നും മക്ഗിന്റി ആവശ്യപ്പെട്ടു. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും ജനങ്ങൾക്ക് അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മാനിറ്റോബയിൽ വ്യാപക നാശനഷ്ടം
ജൂണിൽ തെക്കൻ മാനിറ്റോബയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റുകളും കനത്ത മഴയും ഉണ്ടായി. വിന്നിപെഗിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ വടക്കുള്ള സ്റ്റോൺവാളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 255 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതിനെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി.
സ്വാൻ റിവർ വാലി മേഖലയിലും റോഡുകൾ, പാലങ്ങൾ, കൾവെർട്ടുകൾ എന്നിവ ഉൾപ്പെടെ 300ലധികം സ്ഥലങ്ങൾതകർന്നതായാണ് അധികൃതർ പറയുന്നത്. നിരവധി വീടുകളിലും വെള്ളം കയറി. ചില പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകർ രണ്ടാം നിലയിൽ നിന്ന് വരെ രക്ഷപ്പെടുത്തേണ്ടി വന്നു.
മാനിറ്റോബ സർവകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര പ്രൊഫസർ ജോൺ ഹനേഷ്യാക്കിന്റെ വിലയിരുത്തലിൽ, ഈ വർഷം കനേഡിയൻ പ്രെയറികളിൽ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് രേഖപ്പെടാനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റിലെ താരതമ്യേന ശാന്തമായ കാലാവസ്ഥ ആശ്വാസം നൽകുന്നുണ്ടെങ്കിലും വേനൽക്കാലത്തിന്റെ അവസാനത്തിലും ശരത്കാലത്തും കൂടുതൽ ശക്തമായ കാലാവസ്ഥാ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.