ടംബ്ലർ റിഡ്ജ് വെടിവെപ്പ്; ഓപ്പൺഎഐക്കെതിരെ പുതിയ കേസുകളുമായി അധ്യാപകരും വിദ്യാർഥികളും
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടവെടിവെപ്പുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 30 പുതിയ സിവിൽ കേസുകൾ ഓപ്പൺഎഐക്കെതിരെ അമേരിക്കയിലെ കാലിഫോർണിയ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്തു. നേരത്തെ ഇരകളുടെ കുടുംബങ്ങൾ നൽകിയ ഏഴ് കേസുകൾക്ക് പിന്നാലെയാണ് പുതിയ നിയമനടപടികൾ.
വെടിവെപ്പിന് മാസങ്ങൾക്ക് മുമ്പ് പ്രതിയുടെ ചാറ്റ്ജിപിടി ഉപയോഗത്തിൽ ഗുരുതരമായ മുന്നറിയിപ്പ് സൂചനകൾ കമ്പനി തിരിച്ചറിഞ്ഞിരുന്നുവെന്നും, നിയമപാലകരെ അറിയിക്കണമെന്ന് സുരക്ഷാ വിഭാഗത്തിൽ നിന്ന് ശുപാർശ ഉണ്ടായിരുന്നിട്ടും അത് നടപ്പാക്കിയില്ലെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. ഈ അലംഭാവം ദുരന്തം ഒഴിവാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നാണ് ഹർജികളിൽ പറയുന്നത്.
പുതിയ ഹർജിക്കാരിൽ വെടിവെപ്പിന് ദൃക്സാക്ഷികളായ അധ്യാപകർ, പ്രിൻസിപ്പൽ, വിദ്യാർഥികൾ, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ എന്നിവരും ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് ശാരീരിക പരിക്കുകൾക്കൊപ്പം ഗുരുതരമായ മാനസിക ആഘാതവും ദീർഘകാല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവന്നതായി ഹർജികളിൽ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരത്തിനൊപ്പം കമ്പനിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം, കേസുകളിലെ ആരോപണങ്ങൾ ഓപ്പൺഎഐ നിഷേധിച്ചിട്ടുണ്ട്. പൊതുസുരക്ഷയ്ക്ക് കമ്പനി ഉയർന്ന പ്രാധാന്യം നൽകുന്നുണ്ടെന്നും, സംഭവത്തിന് ശേഷം നിയമപാലകരുമായി വിവരങ്ങൾ പങ്കിടുന്നതിനുള്ള ആഭ്യന്തര നടപടിക്രമങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ഓപ്പൺഎഐ വ്യക്തമാക്കിയിട്ടുണ്ട്.
ടംബ്ലർ റിഡ്ജ് വെടിവെപ്പ് കേസിനെ തുടർന്ന് കൃത്രിമ ബുദ്ധി കമ്പനികളുടെ നിയമപരമായ ഉത്തരവാദിത്വം, ഉപയോക്താക്കളുടെ അപകടസാധ്യത തിരിച്ചറിയുന്ന സുരക്ഷാ സംവിധാനങ്ങൾ, പൊതുസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമപാലകർക്ക് കൈമാറേണ്ട മാനദണ്ഡങ്ങൾ എന്നിവ വീണ്ടും ആഗോളതലത്തിൽ ചർച്ചയാകുകയാണ്. ഈ കേസുകളുടെ വിധി എഐ കമ്പനികളുടെ ഭാവി സുരക്ഷാ നയങ്ങളെയും നിയമപരമായ ബാധ്യതകളെയും സ്വാധീനിക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.