a
HomeTravelപ്രീമിയർ ഡഗ് ഫോർഡിന്റെ യാത്രകൾക്കായി 29 മില്യൺ

പ്രീമിയർ ഡഗ് ഫോർഡിന്റെ യാത്രകൾക്കായി 29 മില്യൺ

പ്രീമിയർ ഡഗ് ഫോർഡിന്റെ യാത്രകൾക്കായി 29 മില്യൺ

ടൊറന്റോ: ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ പ്രവിശ്യയ്ക്കുള്ളിലെ യാത്രകൾക്കും അമേരിക്കൻ സന്ദർശനങ്ങൾക്കുമായി ഒന്റാറിയോ സർക്കാർ 28.9 മില്യൺ ഡോളർ (ഏകദേശം 2.9 കോടി ഡോളർ) ചെലവിൽ സ്വകാര്യ ജെറ്റ് വാങ്ങി. 2016 മോഡൽ ‘ചലഞ്ചർ 650’ എന്ന സെക്കൻഡ് ഹാൻഡ് വിമാനമാണ് വാങ്ങിയത്. പ്രവിശ്യയിലുടനീളമുള്ള പ്രീമിയറുടെ ഔദ്യോഗിക യാത്രകൾക്കും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര താരിഫുകൾക്കെതിരെ കാനഡയുടെ ഭാഗം വ്യക്തമാക്കാൻ അമേരിക്കയിലേക്ക് നടത്തുന്ന യാത്രകൾക്കും വിമാനം അനിവാര്യമാണെന്ന് പ്രീമിയറുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ചയാണ് വിമാനം വാങ്ങിയ വിവരം പുറത്തുവന്നത്.

മറ്റ് പ്രവിശ്യകളും ഫെഡറൽ ഗവൺമെന്റും വിമാനങ്ങൾക്കായി ചെലവഴിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ലാഭകരമായ ഇടപാടാണെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു. ക്യൂബെക്ക് സർക്കാർ വിമാനങ്ങൾക്കായി 107 മില്യൺ ഡോളറും ഫെഡറൽ സർക്കാർ ആറ് പുതിയ ജെറ്റുകൾക്കായി 753 മില്യൺ ഡോളറും ചെലവിട്ടിട്ടുണ്ടെന്ന് പ്രീമിയറുടെ ഓഫീസ് ചൂണ്ടിക്കാട്ടി. ടൊറന്റോയിലെ ബില്ലി ബിഷപ്പ് വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം ഒന്റാറിയോ ഏറ്റെടുക്കുകയും ജെറ്റുകൾക്കായി റൺവേ നീട്ടാൻ പദ്ധതിയിടുകയും ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.

അതേസമയം, സാധാരണക്കാർ നിത്യോപയോഗ സാധനങ്ങൾക്കും ഇന്ധനത്തിനും പണമില്ലാതെ ബുദ്ധിമുട്ടുമ്പോൾ പ്രീമിയർ സ്വകാര്യ ജെറ്റ് വാങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷമായ എൻഡിപി (NDP) ആരോപിച്ചു. പ്രീമിയർ ഡഗ് ഫോർഡ് ജനങ്ങളിൽ നിന്ന് അകന്നുപോയെന്നും സാധാരണക്കാരെപ്പോലെ വിമാനങ്ങളിൽ യാത്ര ചെയ്യാൻ അദ്ദേഹം തയ്യാറാകണമെന്നും എൻഡിപി നേതാവ് മാരിറ്റ് സ്റ്റൈൽസ് വിമർശിച്ചു. വിമാനം വാങ്ങാനുള്ള സമയക്രമം ഭയാനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലിബറൽ പാർട്ടിയും സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. ഒന്റാറിയോയിലെ മുൻ പ്രീമിയർമാർക്കൊന്നും ഇല്ലാത്ത പ്രത്യേക വിമാനത്തിന്റെ ആവശ്യം ഇപ്പോൾ ഡഗ് ഫോർഡിന് എന്തിനാണെന്ന് ലിബറൽ എംപി ജോൺ ഫ്രേസർ ചോദ്യം ചെയ്തു. വിമാനം വാങ്ങുന്നതിനേക്കാൾ അത്യാവശ്യ ഘട്ടങ്ങളിൽ ചാർട്ടർ വിമാനങ്ങൾ ഉപയോഗിക്കുന്നതായിരുന്നു കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമെന്നും അദ്ദേഹം പറഞ്ഞു. 12 പേർക്ക് യാത്ര ചെയ്യാവുന്ന വിപുലമായ സൗകര്യങ്ങളാണ് പുതിയ ജെറ്റിലുള്ളത്.