TAVNEOS ഉപയോഗത്തിൽ നിയന്ത്രണം; പുതിയ രോഗികൾക്ക് നിർദേശിക്കരുതെന്ന് ഹെൽത്ത് കാനഡ
അപൂർവമായ ANCA-അസോസിയേറ്റഡ് വാസ്കുലൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന TAVNEOS (Avacopan) എന്ന കുറിപ്പടി മരുന്ന് പുതിയ രോഗികൾക്ക് ആരംഭിക്കരുതെന്ന് ഹെൽത്ത് കാനഡഡോക്ടർമാർക്ക് നിർദേശം നൽകി. മരുന്നിന്റെ അംഗീകാരത്തിന് അടിസ്ഥാനമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലെ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് ഈ നടപടി.
മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ഹെൽത്ത് കാനഡ വിശദമായ പരിശോധന നടത്തിവരികയാണ്. പരിശോധന പൂർത്തിയാകുന്നതുവരെ പുതിയ രോഗികളിൽ TAVNEOS ചികിത്സ ആരംഭിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധരോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, നിലവിൽ ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികൾ ചികിത്സ സ്വമേധയാ നിർത്തരുതെന്നും ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നിൽ മാറ്റം വരുത്തരുതെന്നും ഹെൽത്ത് കാനഡ അറിയിച്ചു. ഓരോ രോഗിയുടെയും ആരോഗ്യനില വിലയിരുത്തിയ ശേഷമേ ചികിത്സ തുടരണമോ മാറ്റണമോ എന്ന് തീരുമാനിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
ANCA-അസോസിയേറ്റഡ് വാസ്കുലൈറ്റിസ് ശരീരത്തിലെ ചെറിയ രക്തക്കുഴലുകളിൽ ഗുരുതരമായ വീക്കം ഉണ്ടാക്കുന്ന അപൂർവ രോഗമാണ്. ഇത് വൃക്ക, ശ്വാസകോശം ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് ചികിത്സ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഈ മരുന്നിനെ വിപണിയിൽ നിന്ന് പിൻവലിച്ചിട്ടില്ലെന്നും, പുതിയ രോഗികളിൽ ചികിത്സ ആരംഭിക്കുന്നതിന് മാത്രമാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി. പരിശോധനാഫലങ്ങൾ ലഭിക്കുന്നതനുസരിച്ച് തുടർനടപടികളും പുതിയ മാർഗനിർദേശങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.