എഡ്മന്റൺ ഡൗൺടൗൺ വ്യാപാര പ്രതിസന്ധി രൂക്ഷം
എഡ്മന്റൺ ഡൗൺടൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുടർച്ചയായി അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ, നഗരത്തിന്റെ സാമ്പത്തിക കേന്ദ്രത്തെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡൗൺടൗൺ റിവൈറ്റലൈസേഷൻ കോയലിഷൻ (DRC) എഡ്മന്റൺ സിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു. ഈ വേനൽക്കാലത്ത് മാത്രം നിരവധി റെസ്റ്റോറന്റുകളും കഫേകളും ഉൾപ്പെടെ എട്ടോളം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് വ്യാപാര സമൂഹം ആശങ്ക ശക്തമാക്കിയത്.
വ്യാപാര സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളായി ദീർഘകാല റോഡ്-എൽആർടി നിർമാണ പ്രവർത്തനങ്ങൾ, ഉപഭോക്താക്കളുടെ വരവ് കുറയുന്നത്, പൊതുസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ, ഉയരുന്ന പ്രവർത്തനച്ചെലവ്, പാർക്കിംഗ് പ്രശ്നങ്ങൾ എന്നിവയാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. മാസങ്ങളോളം നീളുന്ന നിർമാണ പ്രവർത്തനങ്ങൾ പല സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം ബുദ്ധിമുട്ടാക്കുന്നതായും ഇതുമൂലം വിൽപ്പന കുത്തനെ ഇടിഞ്ഞതായും അവർ പറയുന്നു.
ഈ പ്രതിസന്ധി മറികടക്കാൻ ഡിആർസി നഗരസഭയ്ക്ക് മുന്നിൽ ഡൗൺടൗൺ സാമ്പത്തിക സ്ഥിരതാ പദ്ധതിഅവതരിപ്പിച്ചിട്ടുണ്ട്. 2026-ലെ നിർമാണ സീസൺ അവസാനിക്കുന്നതുവരെ സൗജന്യ ഓൺ-സ്ട്രീറ്റ് പാർക്കിംഗ്, ഡൗൺടൗൺ ബിസിനസുകൾക്കുള്ള പാറ്റിയോ പെർമിറ്റ് ഫീസ് ഒഴിവാക്കൽ, നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കൽ, ഉപഭോക്താക്കൾക്ക് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കൽ, നിർമാണ സ്ഥലങ്ങളുടെ ശുചിത്വവും സുരക്ഷയും മെച്ചപ്പെടുത്തൽ, ഡൗൺടൗൺ ബിസിനസ് പ്രതികരണത്തിന് പ്രത്യേക ഭരണനേതാവിനെ നിയമിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
അതേസമയം, കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് നഗര മേയർ ആൻഡ്രൂ നാക്ക് അംഗീകരിച്ചു. എന്നാൽ റോഡ് നിർമാണം വേഗത്തിലാക്കാനും ഡൗൺടൗൺ മേഖലയെ കൂടുതൽ സജീവമാക്കാനുമായി നഗരസഭ ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പുതിയ വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൗൺടൗൺ ആക്ഷൻ പ്ലാനിന് കൂടുതൽ ധനസഹായം നൽകുന്ന കാര്യം അടുത്ത ബജറ്റ് ചർച്ചകളിൽ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാപാര സമൂഹത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്നും, അതിന്റെ പ്രത്യാഘാതം എഡ്മന്റൺ ഡൗൺടൗണിന്റെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ അവസരങ്ങളെയും ദീർഘകാലത്തേക്ക് ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.