a
HomeHealthകോവിഡ് ; 22.1 ദശലക്ഷത്തിലധികം മരണങ്ങളുണ്ടായി, രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തത് 70 ലക്ഷം മാത്രം-WHO

കോവിഡ് ; 22.1 ദശലക്ഷത്തിലധികം മരണങ്ങളുണ്ടായി, രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തത് 70 ലക്ഷം മാത്രം-WHO

കോവിഡ് ; 22.1 ദശലക്ഷത്തിലധികം മരണങ്ങളുണ്ടായി, രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തത് 70 ലക്ഷം മാത്രം-WHO

കോവിഡ് മരണം സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന. 2020-നും 2023-നും ഇടയിൽ കോവിഡും അനുബന്ധപ്രശ്നങ്ങളും മൂലം ലോകമെമ്പാടും ഏകദേശം 22.1 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മഹാമാരി കാലയളവിലെ മരണങ്ങൾ സംബന്ധിച്ച് രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഏകദേശം 70 ലക്ഷം മരണങ്ങൾ മാത്രമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്കൊപ്പം മഹാമാരിയുമായി പരോക്ഷമായി ബന്ധപ്പെട്ട മരണങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതുകൊണ്ടും വൈദ്യസഹായം വൈകിയതുകൊണ്ടും ആരോഗ്യ പ്രവർത്തകർ ലഭ്യമല്ലാതിരുന്നതുകൊണ്ടും ലോക്ക്ഡൗണായതിനാൽ ചികിത്സ ലഭിക്കാതെ വന്നതുകൊണ്ടും സംഭവിച്ച മരണങ്ങളെയാണ് പരോക്ഷ മരണങ്ങളായി കണക്കാക്കിയിരിക്കുന്നത്.
ലോകത്ത് ഏകദേശം 10.4 ദശലക്ഷം അധിക മരണങ്ങൾ രേഖപ്പെടുത്തിയ 2021 ആണ് മഹാമാരിയുടെ ഏറ്റവും മാരകമായ ഘട്ടമെന്നും ലോകാരോഗ്യസംഘടന പറയുന്നു. ലോകമെമ്പാടും കോവിഡിന്റെ കൂടുതൽ വ്യാപനശേഷിയുള്ള വകഭേദങ്ങൾ പടർന്നുപിടിച്ചത് ഈ കാലത്താണ്. 2021 കഴിഞ്ഞതോടെ മരണനിരക്ക് കുറഞ്ഞുവന്നുവെങ്കിലും തുടർന്നുള്ള വർഷങ്ങളിലും കോവിഡ് സംബന്ധിച്ച പ്രശ്നങ്ങൾ തുടർന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് മരണനിരക്കിലെ ലിംഗഭേദത്തേക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കോവി‍ഡ് മരണങ്ങളിൽ ഏറെയും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലായിരുന്നു. പ്രായാധിക്യവും മരണനിരക്ക് വർധിപ്പിച്ചതിലെ പ്രധാനഘടകമാണ്. 85 വയസ്സും അതിൽ കൂടുതലുമുള്ള ആളുകളിൽ ചെറുപ്പക്കാരേക്കാൾ ഏകദേശം 10 മടങ്ങ് അധിക മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പ്രായമായവരിലെ പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ തകരാറുകൾ, രോഗപ്രതിരോധ സംവിധാനങ്ങളിലെ തകരാറുകൾ തുടങ്ങിയവ കോവി‍ഡ് സംബന്ധിച്ച സങ്കീർണത വർധിപ്പിച്ചുവെന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.
മഹാമാരി സംബന്ധിച്ച മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ആഗോളതലത്തിലെ ഗുരുതരമായ വിടവുകളേക്കുറിച്ചും റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പല രാജ്യങ്ങൾക്കും ഇപ്പോഴും പൂർണ്ണമായോ സമയബന്ധിതമായോ മരണ രജിസ്ട്രേഷൻ സംവിധാനങ്ങൾ ഇല്ല. ചില സ്ഥലങ്ങളിൽ, മരണങ്ങൾ ശരിയായി രേഖപ്പെടുത്തുന്നില്ല അല്ലെങ്കിൽ മരണകാരണം ഒരിക്കലും തിരിച്ചറിയുന്നില്ല. ഭാവിയിൽ മഹാമാരികളെ പ്രതിരോധിക്കുന്നതിന് മരണസംഖ്യ കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനങ്ങൾ അത്യാവശ്യമാണെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർക്കുന്നു.