ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം: നന്ദഗോവിന്ദം ഭജൻ സംഘത്തിനെതിരെ വിവാദം
പ്രശസ്ത ഭജന സംഘമായ ‘നന്ദഗോവിന്ദം’ അവതരിപ്പിച്ച ക്രിസ്തീയ ഭക്തിഗാനത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം പുകയുന്നു. കോട്ടയം വെമ്പിങ്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് ‘ഈ പരദേവനഹോ’ എന്ന ഗാനം സംഘം ആലപിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
സംഭവത്തിൽ കടുത്ത വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തെത്തി. “ഇരിക്കുന്ന കൊമ്പ് മുറിക്കരുത്” എന്ന് സംഘത്തിന് മുന്നറിയിപ്പ് നൽകിയ അവർ, “ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിൽ കലർത്തരുത്” എന്ന് ഫേസ്ബുക്കിൽ കുറിച്ചു.
വിവാദം കൊഴുക്കുന്നതിനിടെ, തങ്ങളുടെ നിലപാട് വ്യക്തമാക്കി നന്ദഗോവിന്ദം സംഘം പ്രസ്താവന പുറത്തിറക്കി (ഏപ്രിൽ 21). സംഗീതത്തിലൂടെ ഭക്തിയും ഐക്യവും പകരുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ആരുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.
പരിപാടിയിൽ തെറ്റായൊന്നുമില്ലെന്ന് ക്ഷേത്ര കമ്മിറ്റിയും വ്യക്തമാക്കി.ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നന്ദഗോവിന്ദം ഭജന സംഘം പ്രതിഫലം വാങ്ങാതെയാണ് പരിപാടി നടത്തിയത്.പരിപാടി നടന്നത് ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള സ്ഥലത്താണ്. മതഭേദമന്യേ നാട്ടുകാർ ഒന്നിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.നാട്ടിലെ നിലവിലുള്ള മതസൗഹാർദം തകർക്കാൻ ആരും ശ്രമിക്കരുതെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ക്ഷേത്ര കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
