ഡൽഹിയിൽ 2028 മുതൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രം
ഡൽഹി മന്ത്രിസഭ തിങ്കളാഴ്ച തലസ്ഥാനത്തെ പുതിയ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകി. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഘട്ടങ്ങളായുള്ള മാറ്റത്തിനും, വാങ്ങുന്നവർക്കുള്ള ആനുകൂല്യങ്ങൾക്കും, വിവിധ വിഭാഗങ്ങളിലുള്ള പുതിയ പെട്രോൾ, ഡീസൽ, സിഎൻജി വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്രമേണ അവസാനിപ്പിക്കുന്നതിനും വഴിയൊരുങ്ങി.
ലെഫ്റ്റനന്റ് ഗവർണറുടെ അംഗീകാരം ലഭിച്ച ശേഷം 2026 ജൂലൈ 1 മുതൽ നയം പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. ഏതാണ്ട് 7,000 കോടി രൂപ നടപ്പാക്കൽ ചിലവ് പ്രതീക്ഷിക്കുന്ന ഈ നയം 2030 മാർച്ച് 31 വരെ നിലവിലുണ്ടാകും.
ഘട്ടങ്ങളായി ഇലക്ട്രിക് വാഹനങ്ങൾ മാത്രം
പുതിയ നയമനുസരിച്ച്, 2027 ജനുവരി 1 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളും എൻ1 വിഭാഗത്തിൽപ്പെടുന്ന ചരക്ക് വാഹനങ്ങളും മാത്രമേ രജിസ്റ്റർ ചെയ്യുകയുള്ളൂ.
2028 ഏപ്രിൽ 1 മുതൽ പുതിയ രജിസ്ട്രേഷന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായിരിക്കും അർഹതയുണ്ടാവുക. ഇതോടെ പുതിയ പെട്രോൾ, സിഎൻജി ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണ്ണമായും ഇല്ലാതാകും.
വാണിജ്യ വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം പ്രധാനമായും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഘട്ടങ്ങളായുള്ള മാറ്റമെന്ന് സർക്കാർ വ്യക്തമാക്കി.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് 30,000 രൂപ വരെയും, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 50,000 രൂപ വരെയും, എൻ1 ഇലക്ട്രിക് ട്രക്കുകൾക്ക് 1 ലക്ഷം രൂപ വരെയും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിഹാരിക പറഞ്ഞു.
പഴയ വാഹനങ്ങൾ പൊളിച്ച് (scrap) പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന ഉടമകൾക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കും.
പൂർണ്ണമായും ഇലക്ട്രിക് ആയ വാഹനങ്ങൾക്ക് റോഡ് നികുതിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നുമുള്ള ഇളവുകൾ തുടരും. എന്നാൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് പുതിയ നയപ്രകാരം യാതൊരു സബ്‌സിഡിയും ലഭിക്കില്ല.
ആനുകൂല്യങ്ങൾക്ക് അർഹതയുള്ള ഇ വികളുടെ എണ്ണത്തിന് പരിധിയൊന്നും ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. അതിനാൽ വാങ്ങുന്നവർക്ക് ഒന്നിലധികം വാഹനങ്ങൾക്ക് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാം.
ഈ നയത്തിന്റെ ഭാഗമായി ഡൽഹിയിലുടനീളം 23,000 ഇ വി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.