പിസിഒഎസ് ഇനി പിഎംഒഎസ്; ഹോർമോൺ തകരാറുകൾക്ക് പുതിയ പേരുമായി മെഡിക്കൽ ലോകം
ദശലക്ഷക്കണക്കിന് സ്ത്രീകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമായ പിസിഒഎസ് (PCOS – Polycystic Ovary Syndrome) ഇനിമുതൽ പിഎംഒഎസ് (PMOS – Polyendocrine Metabolic Ovarian Syndrome) എന്ന് അറിയപ്പെടും. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഈ അവസ്ഥയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ആഗോള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
മൊണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾക്കൊടുവിൽ ‘ദ ലാൻസെറ്റ്’ (The Lancet) ജേണലിലാണ് പുതിയ പേര് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടുമുള്ള എട്ടിൽ ഒരാളെ വീതം ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്.
പിസിഒഎസ് (Polycystic Ovary Syndrome) എന്ന പഴയ പേര് ഈ രോഗാവസ്ഥയെക്കുറിച്ച് പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അണ്ഡാശയത്തിലെ മുഴകളാണ് (Cysts) ഈ രോഗത്തിന്റെ പ്രധാന ലക്ഷണമെന് പേര് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഈ രോഗബാധിതരായ എല്ലാ സ്ത്രീകൾക്കും അണ്ഡാശയത്തിൽ മുഴകൾ ഉണ്ടാകണമെന്നില്ല.
മാത്രമല്ല, ഇത് അണ്ഡാശയത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് ശരീരത്തിലെ ഹോർമോണുകളെയും ഉപാപചയ പ്രവർത്തനങ്ങളെയും (Metabolic) ബാധിക്കുന്ന സങ്കീർണ്ണമായ അവസ്ഥയാണെന്നും പഴയ പേര് വ്യക്തമാക്കുന്നില്ല. ഈ തെറ്റിദ്ധാരണ കാരണം പലരിലും രോഗനിർണ്ണയം വൈകുകയും കൃത്യമായ ചികിത്സ ലഭിക്കാതെ വരികയും ചെയ്തിരുന്നു.
“വളരെക്കാലമായി, ഒരു സങ്കീർണ്ണ ഹോർമോൺ വൈകല്യത്തെ കേവലം അണ്ഡാശയത്തിലെ മുഴകൾ എന്ന നിലയിലേക്ക് ഈ പേര് ചുരുക്കിയിരുന്നു” എന്ന് മൊണാഷ് സെന്റർ ഫോർ ഹെൽത്ത് റിസർച്ച് ആൻഡ് ഇംപ്ലിമെന്റേഷൻ ഡയറക്ടർ പ്രൊഫസർ ഹെലീന ടീഡ് പറഞ്ഞു.
രോഗാവസ്ഥയെ കൂടുതൽ വ്യക്തമായി വിശദീകരിക്കാനാണ് പുതിയ പേര് ലക്ഷ്യമിടുന്നത്:
പോളി എൻഡോക്രൈൻ (Polyendocrine): ഇത് ശരീരത്തിലെ ഒന്നിലധികം ഹോർമോണുകളെ ബാധിക്കുന്നു എന്ന് അർത്ഥമാക്കുന്നു.
മെറ്റബോളിക് (Metabolic): ശരീരഭാരം, ഇൻസുലിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയാരോഗ്യം എന്നിവയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.
ഒവേറിയൻ (Ovarian): പ്രത്യുൽപ്പാദന ആരോഗ്യത്തെയും അണ്ഡോത്പാദനത്തെയും ബാധിക്കുന്നതിനെ സൂചിപ്പിക്കുന്നു.
സിൻഡ്രോം (Syndrome): ഒരേസമയം കാണപ്പെടുന്ന ലക്ഷണങ്ങളുടെ കൂട്ടം.
ലക്ഷണങ്ങൾ
ഈ അവസ്ഥയുള്ള സ്ത്രീകൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകാം:
* ക്രമരഹിതമായ ആർത്തവം
* മുഖക്കുരു
* മുഖത്ത് അമിതമായി രോമം വളരുക
* അമിതവണ്ണം
* ഗർഭിണിയാകാനുള്ള ബുദ്ധിമുട്ട്
* ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം
* പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത
