പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടുതൽ, കരുതൽ വേണം- പഠനം
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം. പ്രേഗിൽ നടന്ന 28-ാമത് യൂറോപ്യൻ കോൺഗ്രസ് ഓഫ് എൻഡോക്രൈനോളജിയിൽ അവതരിപ്പിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിസിഒഎസും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ആദ്യത്തെയും ഏറ്റവും വലുതുമായ ദീർഘകാല പഠനം കൂടിയാണിത്.
സതേൺ ഡെൻമാർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. പതിനഞ്ച് മുതൽ അമ്പത് വയസ്സുവരെ പ്രായത്തിനിടയിലുള്ള പിസിഒഎസ് ഉള്ള 127,517 സ്ത്രീകളെയും പിസിഒഎസ് ഇല്ലാത്ത 587,810 സ്ത്രീകളെയും ആധാരമാക്കിയാണ് പഠനം നടത്തിയത്. ശരാശരി 10 വർഷത്തോളം ഈ സ്ത്രീകളെ നിരീക്ഷിച്ചതിനേത്തുടർന്നാണ് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത 32% വർധിക്കുന്നതായി കണ്ടെത്തിയത്. സാധാരണ ശരീരഭാരമുള്ള, ടൈപ്പ് 2 പ്രമേഹം ഇല്ലാത്ത പിസിഒഎസ് ഉള്ള സ്ത്രീകളിലും ഹൃദ്രോഗ സാധ്യത കൂടുതലായിരുന്നു.
പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് പോലുള്ള കാരണങ്ങളാവാം ഹൃദയാരോഗ്യം തകരാറിലാക്കുന്നതെന്നാണ് ഗവേഷകർ കരുതുന്നത്.
ഇന്ത്യയിലെ യുവതികൾക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ഥിരീകരിക്കുന്നതിന്റെ നിരക്ക് വ്യാപകമായി കൂടുന്നുവെന്ന് അടുത്തിടെ മറ്റൊരു പഠനം വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ഏകദേശം 44 ദശലക്ഷം സ്ത്രീകൾ പിസിഒഎസുമായി ജീവിക്കുന്നവരാണ്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മെറ്റബോളിക് സിൻഡ്രോം തുടങ്ങി നിരവധി അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും പിസിഒഎസ് കാരണമാകുന്നുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിന് കീഴിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയത്.
