പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാൾ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു.പുൽവാമ ഭീകരാക്രമണ കാലയളവിൽ ഓവർ ഗ്രൗണ്ട് വർക്കറായി (ഒ.ജി.ഡബ്ല്യു) പ്രവർത്തിച്ചിരുന്ന, പാകിസ്ഥാൻ അനുകൂല ഭീകരസംഘടനയായ അൽ-ബദറിന്റെ മുഖ്യസൂത്രധാരനുമായ ഹംസ ബുർഹാനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിൽ സജീവമായിരുന്ന ഭീകരസംഘടനയുടെ പ്രചാരണങ്ങൾക്കും റിക്രൂട്ട്‌മെന്റുകൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഏറ്റ കടുത്ത തിരിച്ചടിയായാണ് ഉദ്യോഗസ്ഥർ ഈ കൊലപാതകത്തെ വിലയിരുത്തുന്നത്. കശ്മീരിലെ പ്രാദേശിക യുവാക്കളെ ആകർഷിക്കുന്നതിനും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതിനുമായി അൽ-ബദർ ഉപയോഗിച്ചിരുന്ന പോസ്റ്ററുകളും വീഡിയോകളും മറ്റ് ഓൺലൈൻ ഉള്ളടക്കങ്ങളും നിർമ്മിച്ച് വിതരണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ഹംസ ബുർഹാനായിരുന്നു. കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുന്നതിനും ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നതിനും വേണ്ടി സംഘടന നടത്തിവന്ന നറേറ്റീവ് വാർഫെയറിൽ പ്രധാന പങ്കായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്.
കശ്മീരിലെ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും അവരെ ആയുധമെടുക്കാനും മയക്കുമരുന്ന് മാഫിയകളുടെ ഭാഗമാകാനും പ്രേരിപ്പിച്ചതിന് പിന്നിൽ ഹംസ ബുർഹാന് വ്യക്തമായ പങ്കുണ്ടായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഇയാൾ വഴി റിക്രൂട്ട് ചെയ്യപ്പെട്ട പല യുവാക്കൾക്കെതിരെയും പിന്നീട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യു.എ.പി.എ) കേസെടുത്തിട്ടുണ്ട്. കശ്മീർ താഴ്‌വരയിൽ പ്രവർത്തിക്കുന്ന ഭീകര ശൃംഖലകൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഇയാൾ നൽകിയിരുന്നതായും അധികൃതർ ആരോപിക്കുന്നു.
ഭീകരസംഘടനയ്ക്കുള്ളിലെ പണം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് പാക് അധീന കശ്മീരിൽ നടന്ന അൽ-ബദറിന്റെ ആഭ്യന്തര ഗാങ് വാറിലാണ് ഹംസ ബുർഹാൻ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
