a
HomeIndian Newsവനിതാ ബില്ലിന്‍റെ പരാജയം ജനാധിപത്യത്തിൻ്റെ വിജയമെന്ന് എം കെ സ്റ്റാലിൻ

വനിതാ ബില്ലിന്‍റെ പരാജയം ജനാധിപത്യത്തിൻ്റെ വിജയമെന്ന് എം കെ സ്റ്റാലിൻ

വനിതാ ബില്ലിന്‍റെ പരാജയം ജനാധിപത്യത്തിൻ്റെ വിജയമെന്ന് എം കെ സ്റ്റാലിൻ

വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. കേന്ദ്ര സർക്കാരിന് ഭൂരിപക്ഷം ലഭിക്കാതെ ബിൽ തള്ളപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മണ്ഡല പുനർനിർണ്ണയവുമായി (Delimitation) ബന്ധിപ്പിച്ച് വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് സ്റ്റാലിൻ.
തമിഴ്‌നാട് പൊരുതി, തമിഴ്‌നാട് ജയിച്ചു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. “മണ്ഡല പുനർനിർണ്ണയം എന്നത് പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദമുണ്ടാകേണ്ടത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്, മറിച്ച് അതിന്റെ തുലനാവസ്ഥ തകർക്കുകയല്ല. പെരിയാർ നയിച്ച, അണ്ണാദുരൈ പ്രചോദനമായ, കലൈഞ്ജർ കരുത്തുപകർന്ന തമിഴ്‌നാട് എന്നും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. തെക്ക് ഒന്നിച്ച് നിന്ന് ശബ്ദമുയർത്തി. ജനാധിപത്യം വിജയിച്ചു,” സ്റ്റാലിൻ കുറിച്ചു.
മണ്ഡല പുനർനിർണ്ണയ പ്രക്രിയയെ ഡിഎംകെ എതിർക്കുന്നില്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നീതിയുക്തമായ ചർച്ചകളിലൂടെ മാത്രമേ അത് നടപ്പിലാക്കാവൂ എന്നുമാണ് സ്റ്റാലിന്റെ നിലപാട്.
തമിഴ്‌നാടിന്റെ അവകാശങ്ങളും സംസ്‌കാരവും ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം സംസ്ഥാനം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ബില്ലിനെതിരെ വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മണ്ഡല പുനർനിർണ്ണയ ബില്ലിന്റെ പകർപ്പ് സ്റ്റാലിൻ പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.