‘മാറ്റം ജനാധിപത്യത്തിന് നല്ലതാണെന്ന ചിന്തയാണ് പരാജയത്തിന് കാരണം; ജനവിധി അംഗീകരിക്കുന്നു’ പിണറായി വിജയൻ.
പത്ത് വർഷം ഭരിച്ചവർ മാറട്ടെ എന്ന ചിന്തയാണ് എൽഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാശ്ശേരിയിൽ ഇ.െക. നായനാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാജയം എല്ലാറ്റിന്റേയും അവസാനമാണ് എന്ന് കണ്ട് ഞങ്ങളെ എതിർക്കുന്നവർ വല്ലാതെ സന്തോഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പത്ത് വർഷം ഭരിക്കുന്നതല്ലേ അവരൊന്ന് മാറട്ടെ, ഒരു മാറ്റം ജനാധിപത്യത്തിന് നല്ലതാണ് എന്ന ചിന്തയാണ് എൽഡിഎഫ് പരാജയത്തിന്റെ പ്രധാന കാരണം. ആ ജനവിധി പൂർണമായും ഞങ്ങൾ അംഗീകരിക്കുന്നു. ഞങ്ങളിലൂടെ മാത്രമേ വികസനം നടപ്പാക്കാൻ പാടുള്ളു എന്ന നിർബന്ധം ഇല്ല. വികസനവുമായി ബന്ധപ്പെട്ട് പൂർത്തിയാക്കാൻ കഴിയുന്ന കാര്യങ്ങൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ആ പ്രവർത്തനം നടക്കണം എന്നേ ഉള്ളൂ. പുതിയതായി അധികാരം ഏറ്റെടുത്ത യുഡിഎഫ് സർക്കാർ ആ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പൂർത്തിയാക്കാനും കേരളത്തിന്റെ വികസനം മുന്നോട്ട് നയിക്കാനും തയാറാകുന്നുണ്ടോ എന്നതാണ് പ്രശ്നം. അങ്ങനെ മുന്നോട്ട് വന്നാൽ ആ നടപടികൾക്കെല്ലാം കൃത്യമായ പിന്തുണ പ്രതിപക്ഷം എന്ന നിലയിൽ എൽഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാകും. ജനവിധി അംഗീകരിച്ചുകൊണ്ട് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. എന്നാൽ ഇതെല്ലാം അട്ടിമറിക്കുകയും പിറകോട്ടു പോകുകയും ജനക്ഷേമത്തിന് വിരുദ്ധമായ നടപടി സ്വീകരിക്കുകയും ചെയ്താൽ അതിനെ അതിശ്കതമായി എതിർക്കുന്ന പ്രതിപക്ഷമായി മാറും.
ഇത്തരത്തിലുള്ള വിവിധ ഘട്ടങ്ങൾ സിപിഎമ്മിനും എൽഡിഎഫിനും നേരിടേണ്ടി വന്നിട്ടുണ്ട്. കൂടുതൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ച് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുത്ത് കനത്ത രീതിയിൽ തിരിച്ചു വരാൻ എൽഡിഎഫിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങൾക്ക് ഒരുദ്ദേശ്യമേ ഉണ്ടായുള്ളൂ. നാടിനെ പുരോഗതിയിലേക്ക് നയിക്കുക. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക. അതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങൾക്കും അനുഭവിക്കാൻ കഴിയുന്ന വികസന സ്വാദ് എത്തിക്കാനുള്ള നടപടികളാണ് എടുത്തത്. ആ നിലയിൽ മാതൃകാപരമായ രീതിയിൽ കഴിഞ്ഞ 10 വർഷമായി കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
