മിഷിഗൻ യാത്രയുമായി ബന്ധപ്പെട്ട സൈക്ലോസ്പോറിയാസിസ് കേസുകൾ വർധിക്കുന്നു
ഒന്റാരിയോയിലെ വിൻഡ്സർ-എസെക്സ് മേഖലയിലെ സൈക്ലോസ്പോറിയാസിസ് (Cyclosporiasis) രോഗബാധയിൽ അസാധാരണ വർധനവ് രേഖപ്പെടുത്തിയതായി Windsor-Essex County Health Unit (WECHU) അറിയിച്ചു. ഈ വർഷം ഇതുവരെ 24 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണയായി ഒരു വർഷത്തിൽ ശരാശരി മൂന്ന് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതിനാൽ, ഇത്തവണത്തെ വർധനവ് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രോഗബാധിതരിൽ ഭൂരിഭാഗം പേരും അടുത്തിടെ അമേരിക്കയിലെ മിഷിഗൻ സംസ്ഥാനത്തേക്ക് യാത്ര ചെയ്തവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ, മിഷിഗനിൽ തുടരുന്ന സൈക്ലോസ്പോറിയാസിസ് വ്യാപനവുമായി ഈ കേസുകൾക്ക് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. മലിനമായ ഇലക്കറികൾ, പ്രത്യേകിച്ച് ലെറ്റ്യൂസ്, പായ്ക്ക് ചെയ്ത സലാഡ് ഉൽപ്പന്നങ്ങൾ, പുതിനയിലകൾ, ബെറികൾ തുടങ്ങിയ പച്ചയായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾരോഗവ്യാപനത്തിന് കാരണമായിരിക്കാമെന്നാണ് സംശയം. രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Cyclospora cayetanensis എന്ന പരാന്നഭോജിയാണ് സൈക്ലോസ്പോറിയാസിസിന് കാരണമാകുന്നത്. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് രോഗം പകരുന്നത് അപൂർവമാണ്. രോഗബാധയ്ക്ക് ശേഷം സാധാരണയായി ഒരാഴ്ച മുതൽ രണ്ട് ആഴ്ചയ്ക്കുള്ളിൽലക്ഷണങ്ങൾ പ്രകടമാകും. കഠിനമായ വയറിളക്കം, വയറുവേദന, വയർവീക്കം, ഓക്കാനം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചികിത്സ ലഭിക്കാതെ വന്നാൽ രോഗലക്ഷണങ്ങൾ ആഴ്ചകളോളം തുടരുകയോ വീണ്ടും ആവർത്തിക്കുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മിഷിഗനിലേക്കോ രോഗബാധ റിപ്പോർട്ട് ചെയ്ത മറ്റ് പ്രദേശങ്ങളിലേക്കോ യാത്ര ചെയ്യുന്നവർ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കണമെന്നും, പച്ചയായി കഴിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ശുചിത്വത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. സുരക്ഷിതമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുകയും സമീപകാല യാത്രാ വിവരങ്ങൾ ഡോക്ടറെ അറിയിക്കുകയും ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.