a
HomeIndian Newsവി.ഡി സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി

വി.ഡി സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി

വി.ഡി സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി

വി.ഡി സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയാകും. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇതോടെ വിരാമമായി. തിങ്കളാഴ്ച വി.ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിയിച്ചു.
രണ്ടാം പിണറായി സർക്കാരിൽ പ്രതിപക്ഷ നേതാവായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീശനെ, ഭരണത്തലവന്റെ ചുമതല ഏൽപ്പിക്കാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, എംഎൽഎമാരുടെ പിന്തുണയും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേരിട്ടുള്ള ഇടപെടലും സതീശന് തുണയായി. മുഖ്യ ഘടക കക്ഷിയായ മുസ്ലീം ലീഗിൻ്റെ പിന്തുണയും സമ്മർദ്ദവും ഇതിൽ പ്രധാന ഘടകമാണ്.
പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പും ഡൽഹിയിൽ വലിയ ചർച്ചകളാണ് നടന്നിരുന്നത്. കെ.സി വേണുഗോപാലിനെ വസതിയിലേക്ക് വിളിച്ച് രാഹുൽ ഗാന്ധി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വി.ഡി. സതീശൻ. വലിയൊരു ഉത്തരവാദിത്തമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ വലിയ ജനവിധി പൂർണ്ണമായും നടപ്പിലാക്കുമെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഒരു ടീമായി ഒത്തൊരുമിച്ച് കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിന് പിന്നിൽ എഐസിസിയുടെ വലിയ പിന്തുണയുണ്ടെന്ന് പറഞ്ഞ സതീശൻ, ഈ ജനവിധി നേടിയെടുക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത് കെ.സി. വേണുഗോപാലാണെന്നും കൂട്ടിച്ചേർത്തു.