HomeCanada Newsആന്റിബയോട്ടിക് ചികിത്സയിൽ പുതിയ സമീപനം; ദൈർഘ്യം രോഗാവസ്ഥയ്ക്ക് അനുസരിച്ച്

ആന്റിബയോട്ടിക് ചികിത്സയിൽ പുതിയ സമീപനം; ദൈർഘ്യം രോഗാവസ്ഥയ്ക്ക് അനുസരിച്ച്

ആന്റിബയോട്ടിക് ചികിത്സയിൽ പുതിയ സമീപനം; ദൈർഘ്യം രോഗാവസ്ഥയ്ക്ക് അനുസരിച്ച്

വർഷങ്ങളായി രോഗികൾക്ക് നൽകിവന്നിരുന്ന “ആന്റിബയോട്ടിക് ആരംഭിച്ചാൽ നിർബന്ധമായും ദീർഘകാല കോഴ്‌സ് പൂർത്തിയാക്കണം” എന്ന പൊതുധാരണ മാറിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നിലവിലെ ശാസ്ത്രീയ തെളിവുകൾ പ്രകാരം, പല സാധാരണ ബാക്ടീരിയൽ അണുബാധകളിലും മുമ്പ് നൽകിയിരുന്നതിനെക്കാൾ കുറഞ്ഞ ദിവസത്തെ ആന്റിബയോട്ടിക് ചികിത്സ മതിയായ ഫലം നൽകുന്ന സാഹചര്യങ്ങൾ വർധിച്ചുവരികയാണ്.
അമേരിക്കയിലെ 1,475 മുതിർന്നവരെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ പഠനത്തിൽ 60 ശതമാനം പേർ ഏഴ് ദിവസമോ അതിലധികമോ നീളുന്ന ആന്റിബയോട്ടിക് ചികിത്സയാണ് കൂടുതൽ ഫലപ്രദമെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. അതേസമയം, 88 ശതമാനം പേർ “ആന്റിബയോട്ടിക് കോഴ്‌സ് എപ്പോഴും പൂർത്തിയാക്കണം” എന്ന പരമ്പരാഗത സന്ദേശത്തോട് യോജിക്കുന്നവരുമാണ്. പൊതുജനങ്ങളുടെ ഈ ധാരണയും നിലവിലെ ചികിത്സാരീതികളിലെ മാറ്റങ്ങളും തമ്മിൽ ഇപ്പോൾ വ്യക്തമായ അന്തരമുണ്ടെന്ന് പഠനം വിലയിരുത്തുന്നു.
കാനഡയിലെ സാംക്രമിക രോഗ-അണുബാധ നിയന്ത്രണ വിദഗ്ധനായ ഡോ. അലോൺ വൈസ്മാൻപറയുന്നതനുസരിച്ച്, രോഗിക്ക് ഡോക്ടർ നിർദേശിച്ച ചികിത്സ പൂർണമായി പാലിക്കണമെന്ന സന്ദേശത്തിന് മാറ്റമില്ല. എന്നാൽ, ഇന്ന് നിർദേശിക്കുന്ന ചികിത്സയുടെ ദൈർഘ്യം മുൻകാലത്തേക്കാൾ കുറവായിരിക്കാം. ഉദാഹരണത്തിന്, മൂത്രനാളി അണുബാധ (UTI) പോലുള്ള രോഗങ്ങൾക്ക് മുമ്പ് ഏഴ് മുതൽ 14 ദിവസം വരെ നൽകിയിരുന്ന ആന്റിബയോട്ടിക് ചികിത്സ ചില സാഹചര്യങ്ങളിൽ ഇപ്പോൾ മൂന്ന് മുതൽ അഞ്ച് ദിവസം വരെ മതിയാകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ദീർഘകാലം ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യണമെന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മറിച്ച്, അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം വയറിളക്കം, വയറിലെ അസ്വസ്ഥത, വൃക്കകളെ ബാധിക്കുന്ന പ്രശ്നങ്ങൾ, അപൂർവമായി ചർമപ്രതികരണങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് ഇടയാക്കാം. അതോടൊപ്പം, ബാക്ടീരിയകൾ മരുന്നുകളെ പ്രതിരോധിക്കുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR)വർധിക്കാനും ഇത് കാരണമാകുന്നു.
അതേസമയം, രോഗലക്ഷണങ്ങൾ കുറഞ്ഞുവെന്ന് കരുതി രോഗികൾ സ്വമേധയാ മരുന്ന് നിർത്തരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അസ്ഥികളിലെ അണുബാധ (Osteomyelitis) പോലുള്ള ചില ഗുരുതര രോഗങ്ങൾക്ക് ഇപ്പോഴും ആറ് ആഴ്ചയോ അതിലധികമോ ചികിത്സ ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ചികിത്സ നേരത്തേ അവസാനിപ്പിച്ചാൽ രോഗം വീണ്ടും മടങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ചികിത്സയുടെ ലക്ഷ്യം “കൂടുതൽ ദിവസം മരുന്ന് നൽകുക” എന്നതല്ല; മറിച്ച് അണുബാധ പൂർണമായും ഭേദമാക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഫലപ്രദമായ ചികിത്സാ ദൈർഘ്യം കണ്ടെത്തുകഎന്നതാണ്. അതിനാൽ, ആന്റിബയോട്ടിക് ചികിത്സയുടെ ദൈർഘ്യം രോഗത്തിന്റെ സ്വഭാവം, രോഗിയുടെ ആരോഗ്യനില, ലഭ്യമായ ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഡോക്ടർ തീരുമാനിക്കുന്നതാണ് ഏറ്റവും ഉചിതമായ സമീപനമെന്ന് അവർ വ്യക്തമാക്കുന്നു.

error: Content is protected !!