ഉയർന്ന ഇന്ധനച്ചിലവ്: അമേരിക്കയിലേക്കുള്ള നിരവധി സർവീസുകൾ നിർത്തിവെച്ച് എയർ കാനഡ
കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡ, ഉയർന്ന ജെറ്റ് ഇന്ധനച്ചെലവും അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ ആവശ്യകത കുറഞ്ഞതും കാരണം യുഎസിലേക്കുള്ള നിരവധി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചില സർവീസുകളിൽ വൈകലുകൾ വരുത്തുകയും ചെയ്തു.
മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ജെറ്റ് ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യമാണ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ചെലവ് നിയന്ത്രിക്കുന്നതിനായാണ് എയർ കാനഡ ഈ തീരുമാനം സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതേ സാഹചര്യത്തിൽ വെസ്റ്റ്ജെറ്റും എയർ ട്രാൻസാറ്റും അമേരിക്കയിലേക്കുള്ള ചില വേനൽക്കാല സർവീസുകളിൽ നേരത്തെ തന്നെ കുറവ് വരുത്തിയിരുന്നു. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ ഷെഡ്യൂളും യാത്രാ വിവരങ്ങളും പരിശോധിക്കണമെന്ന് എയർ കാനഡ അറിയിച്ചു.
ഈ നടപടിയുടെ ഭാഗമായി അമേരിക്കയിലെ ചില ചെറിയ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കുറയ്ക്കുകയും, യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള പ്രധാന റൂട്ടുകളിലേക്ക് കൂടുതൽ വിമാനങ്ങൾ വിന്യസിക്കാനുമാണ് കമ്പനിയുടെ തീരുമാനം. ഇന്ധനച്ചെലവ് സാധാരണ നിലയിലാകുന്നതുവരെ ഈ ക്രമീകരണങ്ങൾ തുടരുമെന്നാണ് സൂചന.
യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ ബാധിക്കപ്പെടുന്ന യാത്രകൾക്ക് പകരം മറ്റ് വിമാനങ്ങളിലേക്കോ മറ്റ് തീയതികളിലേക്കോ മാറ്റാനുള്ള സൗകര്യവും എയർ കാനഡ ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകളും വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസും പരിശോധിക്കണമെന്ന് അധികൃതർ വീണ്ടും അഭ്യർഥിച്ചു.