കുവൈറ്റ് വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ.
കുവൈറ്റ് വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ. മരിച്ചത് മധ്യപ്രദേശ് സ്വദേശി ആണെന്നാണ് അനൗദ്യോഗിക വിവരം. മരണത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
പരിക്കേറ്റ 34 പേർ ഫർവാനിയ ആശുപത്രിയിലും 17 പേര്‍ ജാബിർ ആശുപത്രിയിലുംം 5 പേർ ജഹ്റ ആശുപത്രിയിലും മൂന്നുപേർ അദാൻ ആശുപത്രിയിലും രണ്ടുപേർ അമിരി ആശുപത്രയിലും ഒരോരുത്തർ വീതം അസ്സബാഹ് ആശുപത്രിയിലും മുബാറക് അൽ കബീർ ആശുപത്രിയിലും ചികിത്സയിലാണ്.
പരിക്കേറ്റവർക്ക് നിരവധി ചെറിയ ശസ്ത്രക്രിയകളും ഏഴ് കേസുകളിൽ അടിയന്തര മേജർ ശസ്ത്രക്രിയകളും നടത്തി. തീവ്രപരിചരണവും നൂതന ചികിത്സയും ആവശ്യമുള്ള ഗുരുതരമായ കേസുകൾ മെഡിക്കൽ ടീമുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ സാധാരണക്കാർ, വിമാനത്താവള ജീവനക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. കഷ്ണങ്ങൾ ശരീരത്തിൽ പതിച്ചവ, സ്ഫോടനവുമായി ബന്ധപ്പെട്ട പരിക്കുകൾ, ഒടിവുകൾ, തലക്ക് പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവം, അംഗഛേദം, പുക ശ്വസിക്കൽ മൂലമുള്ള കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം നടന്നത്. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ച കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.
