പെരുന്നാൾ മധുരമായി അബ്ദുള്‍ റഹീം 20 വർഷത്തെ ജയിൽവാസത്തിന് ശേഷം ജന്മനാട്ടില്‍.
സൗദി പൗരനായ ബാലന്റെ കൊലപാതക കേസിൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം ബലിപെരുന്നാൾ ദിനത്തിൽ നാട്ടിൽ തിരിച്ചെത്തി.
കോഴിക്കോട് കോടമ്പുഴ സ്വദേശിയാണ് അബ്ദുൽ റഹീം. മെയ് 28 രാവിലെ 7.32ന് റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. മോചനത്തിനായി പ്രവർത്തിച്ച ലീഗൽ കമ്മിറ്റി അറ്റോർണി സിദ്ദീഖ് തുവ്വൂരും റഹീമിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജയിൽ ശിക്ഷാകാലാവധി പൂർത്തിയാവുകയും ഫൈനൽ എക്സിറ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ അവസാനിക്കുകയും ചെയ്തതോടെയാണ് റഹീമിന്റെ മടക്കം സാധ്യമായത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വിസയിൽ അബ്ദുൽ റഹീം റിയാദിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്ന അനസ് അൽ ശഹ്റി എന്ന ബാലനെ പരിചരിക്കലായിരുന്നു റഹീമിന്റെ ചുമതല. എന്നാൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിന് ശേഷം ഡിസംബർ 24-ന് അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ കൈ തട്ടുകയും തുടർന്ന് അനസ് മരണപ്പെടുകയുമായിരുന്നു. ഇതേത്തതുടർന്ന് 2006 ഡിസംബർ 25-ന് റഹീം അറസ്റ്റിലായി.
റിയാദിലെ മാധ്യമപ്രവർത്തകരായ ഷക്കീബ് കൊളക്കാടൻ, നജീം കൊച്ചുകലുങ്ക് എന്നിവർ ജയിൽ സന്ദർശിച്ചതോടെയാണ് കേസ് പുറംലോകമറിയുന്നത്. പിന്നീട് പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സർവകക്ഷി നിയമസഹായ സമിതി രൂപീകരിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി, അഭിഭാഷകൻ അബു മിസ്ഫർ എന്നിവരും കേസിൽ ഇടപെട്ടു. എന്നാൽ 2011-ൽ റിയാദ് പബ്ലിക് കോടതി റഹീമിന് വധശിക്ഷ വിധിച്ചു. 2017-ൽ പ്രത്യേക ബെഞ്ച് വധശിക്ഷ റദ്ദാക്കിയെങ്കിലും, സൗദി കുടുംബത്തിന്റെ അപ്പീലിൽ 2019-ലും 2021-ലും കോടതികൾ വധശിക്ഷ വീണ്ടും ശരിവെക്കുകയായിരുന്നു. ഇതിനിടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്ന അനസിന്റെ പിതാവ് റോഡപകടത്തിൽ മരിച്ചതും കേസ് സങ്കീർണ്ണമാക്കി.
തുടർന്ന് അഭിഭാഷകരായ അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവർ നടത്തിയ ചർച്ചകൾക്കൊടുവിൽ ഏകദേശം 34 കോടി രൂപ ദിയാധനം (15 മില്യൻ സൗദി റിയാൽ) സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി കുടുംബം സമ്മതിച്ചു. തുടർന്ന് രൂപീകരിച്ച ജനകീയ സമിതി ‘Save Abdul Rahim’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ തുക സമാഹരിക്കുകയും കോടതി വഴി സൗദി കുടുംബത്തിന് കൈമാറുകയും ചെയ്തു. തുക കൈമാറിയ ശേഷവും ദീർഘമായ നിയമനടപടികൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് മോചനം നീണ്ടുപോയത്.
