അഫ്ഗാനിസ്താൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ.
അഫ്ഗാനിസ്താൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ സൈനികാക്രമണത്തെ ‘കൂട്ടക്കൊല’ എന്ന് വിശേഷിപ്പിച്ച ഇന്ത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് പാകിസ്താൻ നടത്തുന്നതെന്നും കുറ്റപ്പെടുത്തി. ഈ ആക്രമണങ്ങളിൽ വ്യാപകമായി സാധാരണക്കാർ കൊല്ലപ്പെടുന്നതായും ഇന്ത്യ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് യു.എൻ. സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചയിൽ സംസാരിക്കവേ, യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനിയാണ് പാകിസ്താനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ സാധാരണക്കാരെ കൊന്നൊടുക്കുന്ന പാകിസ്താന്റെ നടപടി ഇരട്ടത്താപ്പിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കുന്നത് കുറ്റവാളിയെ കുറ്റവിമുക്തനാക്കുന്നില്ല. സാധാരണക്കാരെ കൊല്ലുന്നതും അവരെ പരിക്കേൽപ്പിക്കുന്നതും കുട്ടികളെ അനാഥരാക്കുന്നതും ഭീകരവിരുദ്ധ പ്രവർത്തനം എന്ന് വിശേഷിപ്പിക്കാനാകില്ല – പർവതനേനി വ്യക്തമാക്കി.
2026-ലെ ആദ്യത്തെ മൂന്നു മാസങ്ങളിൽ മാത്രം 372 സാധാരണക്കാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കണക്കുകൾ ഉദ്ധരിച്ച്, ഇന്ത്യ ചൂണ്ടിക്കാട്ടി. അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് പാകിസ്താൻ ബോധപൂർവം ആക്രമണം നടത്തുകയാണെന്നും രാജ്യത്തിന്റെ വ്യാപാര-ഗതാഗത പാതകൾ തടസ്സപ്പെടുത്തുകയാണെന്നും ഇന്ത്യൻ പ്രതിനിധി കുറ്റപ്പെടുത്തി.
പാകിസ്താൻ അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായി പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി, സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന അഫ്ഗാനിസ്ഥാന്റെ ആവശ്യത്തിന് ഇന്ത്യ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
