Trending News
HomeCanada Newsഎയർബാഗ് തകരാർ; കാനഡയിലും അമേരിക്കയിലും ആയിരക്കണക്കിന് ലാൻഡ് റോവർ എസ്‌യുവികൾ തിരിച്ചുവിളിച്ചു

എയർബാഗ് തകരാർ; കാനഡയിലും അമേരിക്കയിലും ആയിരക്കണക്കിന് ലാൻഡ് റോവർ എസ്‌യുവികൾ തിരിച്ചുവിളിച്ചു

എയർബാഗ് തകരാർ; കാനഡയിലും അമേരിക്കയിലും ആയിരക്കണക്കിന് ലാൻഡ് റോവർ എസ്‌യുവികൾ തിരിച്ചുവിളിച്ചു

ഡ്രൈവർ സൈഡിലെ എയർബാഗുമായി ബന്ധപ്പെട്ട സുരക്ഷാ തകരാർ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലും അമേരിക്കയിലും ആയിരക്കണക്കിന് ലാൻഡ് റോവർ (Land Rover) എസ്‌യുവികൾ ജാഗ്വാർ ലാൻഡ് റോവർ (Jaguar Land Rover) കമ്പനി തിരിച്ചുവിളിച്ചു. അപകടസമയത്ത് ഡ്രൈവർ ഫ്രണ്ട് എയർബാഗ് ഉദ്ദേശിച്ചതുപോലെ പ്രവർത്തിക്കാതിരിക്കാൻ സാധ്യതയുള്ളതിനാലാണ് റീകോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കാനഡയിൽ ഏകദേശം 25,000 വാഹനങ്ങളും, അമേരിക്കയിൽ 2.5 ലക്ഷത്തിലധികം വാഹനങ്ങളുംതിരിച്ചുവിളിക്കുന്നതായി കമ്പനി അറിയിച്ചു. സുരക്ഷാ തകരാർ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
ട്രാൻസ്‌പോർട്ട് കാനഡയുടെ അറിയിപ്പ് പ്രകാരം, ചില വാഹനങ്ങളിലെ സ്റ്റിയറിംഗ് വീലിനുള്ളിലെ ഡ്രൈവർ ഫ്രണ്ട് എയർബാഗ് കണക്ടറിൽ തുരുമ്പ് (corrosion) രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതുമൂലം എയർബാഗ് സംവിധാനത്തിൽ തകരാർ സംഭവിക്കുകയും ഡാഷ്‌ബോർഡിലെ എയർബാഗ് മുന്നറിയിപ്പ് ലൈറ്റ് തെളിയുകയും ചെയ്യും. ഗുരുതരമായ അപകടമുണ്ടായാൽ എയർബാഗ് ശരിയായി തുറക്കാതെ വരുന്നത് യാത്രക്കാരന് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഉൾപ്പെടുന്ന മോഡലുകൾ:
• Land Rover Defender – 2020 മുതൽ 2026 വരെ മോഡലുകൾ
• Land Rover Discovery – 2021 മുതൽ 2026 വരെ മോഡലുകൾ
• Land Rover Range Rover – 2022 മുതൽ 2026 വരെ മോഡലുകൾ
ബാധിത വാഹനങ്ങളുടെ ഉടമകൾക്ക് കമ്പനി തപാൽ മുഖേന ഔദ്യോഗിക അറിയിപ്പ് അയയ്ക്കും. തുടർന്ന് അംഗീകൃത ഡീലർഷിപ്പിൽ വാഹനം എത്തിച്ചാൽ ഡ്രൈവർ എയർബാഗ് കണക്ടർ ടെർമിനലുകളിൽ പ്രത്യേക ഗ്രീസ് പ്രയോഗിച്ച്പ്രശ്നം സൗജന്യമായി പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.
അമേരിക്കയിൽ ഇതേ പ്രശ്നത്തെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ നോർത്ത് അമേരിക്ക ജൂൺ 12-ന് സ്വമേധയാ സുരക്ഷാ റീകോൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ട്രാൻസ്‌പോർട്ട് കാനഡയും റീകോൾ അറിയിപ്പ് പുതുക്കി പ്രസിദ്ധീകരിക്കുകയായിരുന്നു.
അതേസമയം, ഈ വർഷം ഏപ്രിലിൽ മറ്റൊരു സുരക്ഷാ പ്രശ്നത്തെ തുടർന്ന് കാനഡയിൽ 14,000-ത്തിലധികം ജാഗ്വാർ ലാൻഡ് റോവർ വാഹനങ്ങളും തിരിച്ചുവിളിച്ചിരുന്നു. ചില ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലെ DC/DC കൺവെർട്ടർ തകരാറിലാകാൻ സാധ്യതയുള്ളതിനാൽ ബാറ്ററി ചാർജ് ചെയ്യുന്നതും വാഹനത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നതും തടസ്സപ്പെടാമെന്നായിരുന്നു അന്നത്തെ മുന്നറിയിപ്പ്.
റീകോൾ ബാധകമായ വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വൈകാതെ അംഗീകൃത ലാൻഡ് റോവർ ഡീലർഷിപ്പിൽ എത്തി സൗജന്യ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണമെന്ന് ട്രാൻസ്‌പോർട്ട് കാനഡയും കമ്പനിയുമാണ് നിർദേശിച്ചിരിക്കുന്നത്.

error: Content is protected !!