കാനഡയിലെ മൂന്നിൽ ഒരാൾ ജനറേറ്റീവ് എഐ ഉപയോഗിക്കുന്നു; സ്റ്റാറ്റിസ്റ്റിക്സ് കാനഡ
കാനഡയിലെ തൊഴിലാളികളിൽ മൂന്നിൽ ഒരാൾ (30%) ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Generative AI) ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെപുതിയ പഠനം വ്യക്തമാക്കുന്നു. 2024 സെപ്റ്റംബർ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
ChatGPT, Microsoft Copilot, Google Gemini തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകളാണ് ജീവനക്കാർ കൂടുതലായി ഉപയോഗിക്കുന്നത്. ഇമെയിലുകൾ തയ്യാറാക്കുക, റിപ്പോർട്ടുകൾ എഴുതുക, വിവരങ്ങൾ ചുരുക്കുക, ഗവേഷണ സഹായം, ഡാറ്റാ വിശകലനം, ആശയങ്ങൾ വികസിപ്പിക്കൽ, പ്രോഗ്രാമിംഗ് കോഡ് തയ്യാറാക്കൽ തുടങ്ങിയ ജോലികൾക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. റിപ്പോർട്ട് കാലയളവിൽ ജനറേറ്റീവ് എഐയുടെ ഉപയോഗം 17 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.
ഉയർന്ന വിദ്യാഭ്യാസമുള്ളവരും ഐടി, പ്രൊഫഷണൽ-സയന്റിഫിക് സേവനങ്ങൾ, വിദ്യാഭ്യാസം, ധനകാര്യ മേഖലകൾഎന്നിവയിൽ ജോലി ചെയ്യുന്നവരുമാണ് എഐ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അതേസമയം, കൃഷി, റീട്ടെയിൽ, താമസ-ഭക്ഷണ സേവനങ്ങൾ, നിർമ്മാണം തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗം താരതമ്യേന കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജനറേറ്റീവ് എഐ ഉപയോഗിക്കുന്നവർക്ക് ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിലും, ഡാറ്റാ സുരക്ഷ, സ്വകാര്യത, തെറ്റായ വിവരങ്ങൾ (Hallucinations), പകർപ്പവകാശ പ്രശ്നങ്ങൾ, തൊഴിൽ മേഖലയിൽ എഐയുടെ സ്വാധീനം തുടങ്ങിയ കാര്യങ്ങളിൽ ആശങ്കകൾ നിലനിൽക്കുന്നതായും പഠനം വ്യക്തമാക്കുന്നു. അതിനാൽ, ജീവനക്കാർക്ക് എഐയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന് പരിശീലനവും വ്യക്തമായ മാർഗനിർദേശങ്ങളും സ്ഥാപനങ്ങൾ നൽകേണ്ടതുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ നിർദേശിച്ചു.