a
HomeIndian Newsപാകിസ്താനുമായി പ്രതിരോധ സാങ്കേതികവിദ്യ പങ്കുവെക്കരുത്; ഇറ്റലിയോട് രാജ്‌നാഥ് സിങ്

പാകിസ്താനുമായി പ്രതിരോധ സാങ്കേതികവിദ്യ പങ്കുവെക്കരുത്; ഇറ്റലിയോട് രാജ്‌നാഥ് സിങ്

പാകിസ്താനുമായി പ്രതിരോധ സാങ്കേതികവിദ്യ പങ്കുവെക്കരുത്; ഇറ്റലിയോട് രാജ്‌നാഥ് സിങ്

അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ പാകിസ്താനുമായി പങ്കുവെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറ്റലിയോട് ഇന്ത്യ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ഉഭയകക്ഷി ചർച്ചക്കിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പാകിസ്താനുമായി പ്രതിരോധ സാങ്കേതിക വിദ്യയിൽ സഹകരിക്കുന്നത് ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളെ ബാധിക്കുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. പാകിസ്താനുമായുള്ള ഏതൊരു പ്രതിരോധ സാങ്കേതിക സഹകരണവും നിർത്തിവെക്കാൻ ഇറ്റലി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ അയൽപക്കത്തുള്ള തന്ത്രപ്രധാനമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം.
ഇന്ത്യയുടെ ആശങ്കകൾ പരിഗണിച്ച ഇറ്റാലിയൻ പ്രതിനിധികൾ, ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പ്രത്യേക പ്രതിരോധ സാങ്കേതികവിദ്യകൾ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കില്ലെന്ന് ഉറപ്പുനൽകിയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കായി നൽകുന്ന സാങ്കേതികവിദ്യകൾ ‘എക്സ്ക്ലൂസീവ്’ ആയി നിലനിർത്തുമെന്നും ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്.
കൂടിക്കാഴ്ചയുടെ ഭാഗമായി ഇറ്റാലിയൻ കപ്പൽ നിർമ്മാണ രംഗത്തെ പ്രമുഖരായ ‘ഫിൻകാന്റിയേരി’യുടെ പ്രതിനിധികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യൻ കപ്പൽശാലകളുമായി സഹകരിച്ച് അത്യാധുനിക കപ്പലുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. ഉയർന്ന കടൽക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഹള്ളുകൾ, ഹൈബ്രിഡ്-ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഭാവി പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഇറ്റാലിയൻ സംഘം ആശയവിനിമയം നടത്തി.