IPL 2026: ഋഷഭ് പന്തിനെ ഇന്ത്യൻ ഏകദിന ടീമിൽനിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്
ഐ.പി.എല്ലിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ഇന്ത്യൻ ഏകദിന ടീമിൽനിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. പകരം മലയാളി താരം സഞ്ജു സാംസണെ രണ്ടാം വിക്കറ്റ് കീപ്പറായി ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. കെ.എൽ. രാഹുലാണ് ഏകദിന ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ.
പന്ത് നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്‍റെ ഭാഗമാണെങ്കിലും 2024 ആഗസ്റ്റിന് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ല. മോശം പ്രകടനത്തെ തുടർന്ന് നേരത്തെ ട്വന്‍റി20 ടീമിൽനിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. ഐ.സി.സി ഏകദിന ലോകകപ്പിന് മുമ്പായി പരിശീലകൻ ഗംഭീറിനും മുഖ്യ സെലക്ടർ അജിത് അഗാർക്കറിനും ടീമിനെ സജ്ജമാക്കേണ്ടതുണ്ട്. ട്വന്‍റി20യിലെ തകർപ്പൻ പ്രകടനമാണ് സഞ്ജുവിന് പ്രതീക്ഷ നൽകുന്നത്. ട്വന്‍റി20 ലോകകപ്പിനു പിന്നാലെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും തകർപ്പൻ ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവെക്കുന്നത്.
സീസണിൽ പന്തിന് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. എട്ട് ഇന്നിങ്ങ്സുകളിൽനിന്ന് 27 റൺസ് ശരാശരിയിൽ 149 റൺസാണ് താരത്തിന്റെ സമ്പാദ്യം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 50 പന്തിൽ നിന്ന് 68 റൺസ് സ്കോർ ചെയ്ത് പുറത്താകാതെ നിന്നത് മാത്രമാണ് സീസണിൽ പന്തിന്റെ മികച്ച പ്രകടനം. എന്നാൽ, ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണിൽ എട്ടു മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളടക്കം സഞ്ജു ഇതുവരെ 304 റൺസാണ് നേടിയത്.
ഏകദിന ക്രിക്കറ്റിൽ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ലഭിച്ചതെങ്കിലും താരത്തിന്‍റെ റെക്കോഡ് മികച്ചതാണ്. 14 ഇന്നിങ്സുകളിൽനിന്ന് 56.67 ശരാശരിയിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമടക്കം 510 റൺസാണ് സമ്പാദ്യം. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന 2027 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ 20 ഏകദിന മത്സരങ്ങൾ കളിക്കുന്നുണ്ട്. സഞ്ജു അവസാനമായി ഏകദിനം കളിച്ചത് 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ്. അന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ട്വന്‍റി20യിലും ഏകദിനത്തിലും മലയാളി താരം സെഞ്ച്വറി കുറിച്ചിരുന്നു.
