Trending News
HomeGulf Newsലെബനൻ യുദ്ധം വ്യാപിപ്പിച്ചതിന് നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ഡൊണാൾഡ് ട്രംപ്

ലെബനൻ യുദ്ധം വ്യാപിപ്പിച്ചതിന് നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ഡൊണാൾഡ് ട്രംപ്

ലെബനൻ യുദ്ധം വ്യാപിപ്പിച്ചതിന് നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ഡൊണാൾഡ് ട്രംപ്

ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക അധിനിവേശം ക്രമാതീതമായി ശക്തമാക്കുന്നതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് നേരെ കടുത്ത അസഭ്യവർഷവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാനുമായി അമേരിക്ക നടത്തുന്ന അതീവ സങ്കീർണ്ണവും സുപ്രധാനവുമായ നയതന്ത്ര ചർച്ചകളെ ഇസ്രായേലിന്റെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഫോൺ കോളിലൂടെ പൊട്ടിത്തെറിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനായി വാഷിംഗ്ടൺ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം ഉണ്ടായിരിക്കുന്നത്.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ ഉത്തരവിടുകയും ദക്ഷിണ ലെബനനിൽ കരസേനാ നീക്കം വിപുലീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിൽ കടുത്ത വാഗ്വാദം നടന്നത്. ഇസ്രായേലിന്റെ ഈ നീക്കങ്ങൾ മേഖലയിൽ വലിയൊരു യുദ്ധ ഭീതി ഉണ്ടാക്കുകയും ടെഹ്‌റാനിൽ നിന്നുള്ള പുതിയ മുന്നറിയിപ്പുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ (Axios) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നെതന്യാഹുവിന്റെ ഇത്തരം നീക്കങ്ങൾ ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുകയാണെന്നും ഇറാനുമായി യുഎസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ പൂർണ്ണമായും അപകടത്തിലാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് വിവരം ലഭിച്ച രണ്ട് യുഎസ് ഉദ്യോഗസ്ഥരും മറ്റൊരു വിശ്വസ്ത സ്രോതസ്സും വ്യക്തമാക്കുന്നത്, ട്രംപ് നെതന്യാഹുവിനെ “ഭ്രാന്തൻ” (Crazy) എന്ന് വിളിച്ചുവെന്നും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് ഇസ്രായേൽ നേതാവ് പ്രവർത്തിക്കുന്നതെന്ന് പരാതിപ്പെട്ടെന്നുമാണ്.
സംഭാഷണത്തിനിടയിൽ ട്രംപ് നെതന്യാഹുവിനോട് പറഞ്ഞത് ഇങ്ങനെയാണ്: “നിനക്ക് ശരിക്കും ഭ്രാന്താണ്. ഞാനില്ലായിരുന്നെങ്കിൽ നീയിപ്പോൾ ജയിലിൽ കിടന്നേനെ. ഞാൻ നിന്റെ ജീവനാണ് ഇവിടെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്തി കാരണം ഇപ്പോൾ എല്ലാവരും നിന്നെ വെറുക്കുന്നു. ഇസ്രായേലിനെ മുഴുവൻ ആളുകൾ വെറുക്കാൻ ഇത് കാരണമായി.” കടുത്ത ദേഷ്യത്തിലായിരുന്ന ട്രംപ് ഒരു ഘട്ടത്തിൽ “നീ ഈ കാണിച്ചുകൂട്ടുന്നത് എന്തൊക്കെയാണ്?” എന്ന് ഉറക്കെ ചോദിച്ചതായും മറ്റൊരു സ്രോതസ്സ് വെളിപ്പെടുത്തി.
ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്റൂട്ടിന്റെ ദഹിയേ (Dahiyeh) മേഖലയിൽ ആക്രമണം നടത്താൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും തിങ്കളാഴ്ച ഉത്തരവിട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇസ്രായേൽ അതിർത്തിക്കുള്ളിൽ ഹിസ്ബുള്ള നിരന്തരം വെടിനിർത്തൽ ലംഘിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇതോടെ വലിയ തോതിലുള്ള വ്യോമാക്രമണം ഭയന്ന് ലബനീസ് തലസ്ഥാനത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യാൻ തുടങ്ങി.
ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാൻ, ലെബനനിലെ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ വാഷിംഗ്ടണുമായി നിലവിൽ നടത്തുന്ന ചർച്ചകളെ തകിടം മറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുമായുള്ള വലിയൊരു ധാരണയ്ക്ക് ലെബനനിലെ വെടിനിർത്തൽ അനിവാര്യമാണെന്ന് ഇറാൻ അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

error: Content is protected !!